വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് മരിച്ച അതിഥിത്തൊഴിലാളി മരിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് വാളയാർ പൊലീസ് അറിയിച്ചു. മണിക്കൂറുകൾ നീണ്ട കൊടും ക്രൂരതയാണ് അതിഥിതൊഴിലാളി നേരിട്ടത്. ബുധനാഴ്ച 3 മണിയ്ക്കാണ് സംഭവം. അതിഥിതൊഴിലാളി രാംനാരായണനാണ് മരിച്ചത്.
മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മർദിച്ചത്. രാംനാരായണൻ്റെ ശരീരത്തിൽ ആസകലം മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. മൂന്നുവർഷം മുൻപേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു. കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.
അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ചു. കള്ളൻ എന്ന് ആരോപിച്ചു മർദ്ദിച്ചു. പുറം മുഴുവൻ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കുണ്ട്.
അവശനിലയിൽ ആയ രാമനാരായണനെ പോലീസ് എത്തി പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കണ്ടപ്പോൾ കള്ളൻ എന്ന് തോന്നി എന്നാണ് നാട്ടുകാരുടെ മറുപടി. എന്നാൽ രാംനാരായണൻ പാലക്കാട് എത്തിയത് ജോലി തേടിയാണെന്ന് കുടുംബം അറിയിച്ചു. പ്രദേശവാസികളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.







