ഗ്രൂപ്പുകള്‍ പാർട്ടിക്ക് ദോഷം ചെയ്യും; ജാതി, മത ശക്തികള്‍ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് പി.ടി തോമസ്

ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസ് എം.എല്‍.എ. കോണ്‍ഗ്രസിന്റെ സംഘടനാ ശരീരത്തിന് ഇപ്പോള്‍ ഗ്രൂപ്പ് പ്രവര്‍ത്തനം താങ്ങാനാവുന്ന സാഹചര്യമല്ലെന്ന് മീഡിയവണിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.  ഗ്രൂപ്പ് പാര്‍ട്ടിയേക്കാള്‍ വലുതാകുന്നുവെന്ന് കണ്ടപ്പോഴാണ് ‘എ’ ഗ്രൂപ്പ് വിട്ടതെന്നും പി.ടി.തോമസ് വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി നിര്‍ദേശിക്കപ്പെട്ട മാര്‍ഗരേഖ കെ.പി.സി.സി പ്രസിഡന്റിന് ഉള്‍പ്പെടെ ബാധകമാണ്. മാര്‍ഗരേഖ നടപ്പാക്കുക എന്ന ഉറച്ച തീരുമാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ അജന്‍ഡ കോണ്‍ഗ്രസ് മാത്രമായിരിക്കും തീരുമാനിക്കുക. ജാതി,മത ശക്തികള്‍ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ സംഘടനാ സംവിധാനത്തിലെ വലിയ മാറ്റങ്ങൾക്കൊപ്പം പാർട്ടിയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനായി സെമി കേഡര്‍ ശൈലിയിലേയ്ക്ക് മാറാനൊരുങ്ങുകയാണ് കോൺഗ്രസ്. സിപിഎം മാതൃകയിൽ കോൺഗ്രസിലും റിപ്പോർട്ടിങ് ശൈലി കൊണ്ടുവരും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. നെയ്യാർ ഡാം ക്യാംപിലെ തീരുമാനങ്ങൾ താഴെത്തട്ടിലേക്ക് റിപ്പോർട്ട് ചെയ്യാൻ ഡിസിസികളുടെ നേതൃത്വത്തിൽ ടീമുകൾ രൂപീകരിച്ചു തുടങ്ങി. ഡിസിസികളുടെ നേതൃയോഗങ്ങളിൽ കെപിസിസി പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരുമാണ് റിപ്പോർട്ടിങ് നടത്തുന്നത്.