തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് തിരിച്ചയച്ച് ഗവര്‍ണര്‍; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നേടണമെന്ന് രാജ്ഭവന്‍

സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ച തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിഷയം പരിഗണിക്കാനാവില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നേടണമെന്നും രാജ്ഭവന്‍ അറിയിച്ചു.

ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാന്‍ ആലോചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഓണ്‍ലൈനായി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു.

Read more

അതേ സമയം തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം നടന്നാല്‍ 1200 വാര്‍ഡുകള്‍ പുതുതായി നിലവില്‍ വരും. ഇത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിമര്‍ശനം. 2010ല്‍ ആണ് സംസ്ഥാനത്ത് അവസാനമായി തദ്ദേശ വര്‍ഡ് വിഭജനം നടന്നത്. 2019ല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് വിഭജനത്തിനായി ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല.