കഴിഞ്ഞ മൂന്ന തവണയും ലോക കേരള സഭയ്ക്ക് ക്ഷണിച്ചില്ല; ചെയ്തതെല്ലാം മനസിലുണ്ട്: മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ലോക കേരള സഭ ഉദ്ഘാടന ക്ഷണം നിരസിച്ചതിൽ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ലോക കേരള സഭയ്ക്ക് കഴിഞ്ഞ 3 തവണയും ക്ഷണിച്ചില്ലെന്നും ചെയ്‌തതെല്ലാം മനസിലുണ്ടെന്നും ഗവർണർ പറഞ്ഞു. തന്നെ അക്രമിക്കാൻ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.

കൊല്ലത്ത് വെച്ച് തനിക്ക് നേരെ അക്രമം ഉണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവർക്ക് ഒപ്പം താനില്ലെന്നും ഗവർണർ പറഞ്ഞു. അക്രമത്തിൻ്റെയും ബോംബിൻ്റെയും സംസ്കാരത്തെ തിരസ്കരിച്ച കണ്ണൂരിലെ ജനങ്ങളെ താൻ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ചീഫ് സെക്രട്ടറി വി വേണു ലോക കേരള സഭ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എന്നാൽ കടുത്ത ഭാഷയിൽ ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് തിരിച്ചയച്ച ഗവര്‍ണര്‍ ലോക കേരള സഭ ഉദ്ഘാടനം ചെയ്യാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മറുപടിയുമായി ഗവർണർ രംഗത്തെത്തിയത്.

Read more