മന്ത്രിസഭയുടെ നിര്‍ദ്ദേശം പാലിക്കാന്‍ ബാദ്ധ്യസ്ഥന്‍; ലോകായുക്ത ഓര്‍ഡിനന്‍സില്‍ പ്രതികരിച്ച് ഗവര്‍ണര്‍

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചതില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിസഭയുടെ നിര്‍ദ്ദേശം പാലിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു.

ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ നിലവില്‍ വന്നു. മുഖ്യമന്ത്രിയുമായി ഉള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ലോകായുക്ത നിയമ ഭേദഗതിയില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐയും പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു. ഈ എതിര്‍പ്പുകളെ തള്ളിക്കൊണ്ടായിരുന്നു ഗവര്‍ണറുടെ നടപടി.

അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.