ലൈഫ് മിഷന്‍ പദ്ധതി അഴിമതി ആരോപണം: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറങ്ങി. ലൈഫ് പദ്ധതിയില്‍ നാലേകാല്‍ കോടി രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം. വടക്കാഞ്ചേരിയിലെ ഭൂമി, ഫ്ലാറ്റ് നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്ന പരാതിയും അന്വേഷിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിരുപാധികം അന്വേഷിക്കാനാണ് ഉത്തരവിലെ നിര്‍ദേശം. ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ അന്വേഷണമാണിത്.

റെഡ് ക്രസന്റുമായുള്ള ഇടപാടുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. അന്വേഷണം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്തു നല്‍കുകയും ചെയ്തിട്ടുണ്ട്. ക്രമക്കേടുകളില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തും.

അതേസമയം വിജിലന്‍സ് അന്വേഷണം അംഗീകരിക്കാനാവില്ലെന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു. ലൈഫില്‍ സിബിഐ അന്വേഷണം ഉണ്ടാകുമെന്നാണ് കരുതിയത്. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണം. സിബിഐ അന്വേഷണത്തെ ഭയമുള്ളതിനാലാണ് ഇപ്പോള്‍ വിജിലന്‍സിന് കൈമാറിയതെന്നും അനില്‍ അക്കര പറഞ്ഞു.