ഒടുവിൽ പിഎം ശ്രീയിൽ കീഴടങ്ങാൻ സിപിഐഎം; സിപിഐ ഉപാധി അംഗീകരിക്കും, ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയക്കും

ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ പിഎം ശ്രീയിൽ കീഴടങ്ങാൻ സിപിഎമ്മും സംസ്ഥാന സർക്കാരും. സിപിഐ ഉപാധി അംഗീകരിക്കും. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കും. പി എം ശ്രീയിൽ ഒപ്പുവെച്ചതിന് പിന്നാലെ കടുത്ത എതിർപ്പിലായിരുന്നു സിപിഐ. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഎമ്മിൻ്റെ നീക്കം.

കരാറിൽ നിന്നും പൂർണമായും പിന്മാറില്ലെങ്കിലും ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും. കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. കത്ത് സിപിഐ സംസ്ഥാന നേതൃത്വം പരിശോധിക്കുകയാണ്.

അതേസമയം വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. എന്നാൽ കരാർ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളിൽ ഇളവ് മാത്രമായിരിക്കും ആവശ്യപ്പെടുക. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിൻ്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്.

Read more