പൊതുയോഗം തിരഞ്ഞെടുക്കുന്നവർക്ക് ഭരണം; തർക്കമുള്ള പള്ളികളിൽ ആരാധനാ സൗകര്യം പങ്കിടാമെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ്

യാക്കോബായ-ഓർത്തഡോക്‌സ് തർക്കം കനക്കുമ്പോൾ തർക്കമുള്ള പള്ളികളിൽ ആരാധനാ സൗകര്യം പങ്കിടാമെന്നറിയിച്ച് യാക്കോബായ സഭ മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്. പൊതുയോഗം തിരഞ്ഞെടുക്കുന്നവർക്ക് ഭരണവും മറ്റുള്ളവർക്ക് ആരാധനാ സൗകര്യവും നൽകാം എന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. അതേസമയം, ഇരുവിഭാഗങ്ങളും ചേർന്നെടുക്കുന്ന തീരുമാനം അംഗീകാരിക്കാൻ തയ്യാറാണെന്ന് സഭയുടെ പരമാധ്യക്ഷൻ പാത്രിയാർക്കീസ് ബാവ അറിയിച്ചു.

ചർച്ചകളിലൂടെ ശാശ്വതവും സമാധാനപൂർണവുമായ പരിഹാരങ്ങളിലെത്താൻ കഴിഞ്ഞാൽ അതിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. തർക്കങ്ങളും വ്യവഹാരങ്ങളും വഴക്കുകളും അവസാനിപ്പിച്ച് സഹോദരങ്ങളെ പോലെ കൂടുതൽ ഐക്യത്തിലും സമാധാനത്തിലും സഹവർത്തിത്തത്തിലും മുന്നോട്ടുപോകണം എന്നാണ് സഭ ആഗ്രഹിക്കുന്നത്. ഇത്തരം കാര്യങ്ങൾ കോടതിക്ക് വെളിയിൽ സമവായത്തിലൂടെ തീരുന്നതാണ് നല്ലത്. അതിനുള്ള പരിശ്രമങ്ങളുടെ മുന്നോടിയായി അവർ ആഹ്വാനം നടത്തിയതായി മനസിലാക്കുന്നു. ചർച്ചകളിലൂടെ ശാശ്വതവും സമാധാനപൂർണവുമായ പരിഹാരങ്ങളിലെത്താൻ കഴിഞ്ഞാൽ നല്ലതാണെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി.

അതേസമയം പല പള്ളികളിലും ഇതിനുമുമ്പും രണ്ടുവിഭാഗവും ആരാധന നടത്തിയിട്ടുണ്ടെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. പൊതുയോഗം തിരഞ്ഞെടുക്കുന്നവർ ഭരണം നടത്തും. മറുവിഭാഗത്തിലെ വൈദികർക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കിക്കൊടുക്കും. 40 കൊല്ലത്തോളം പല പള്ളികളിലും ഇത്തരത്തിൽ ആരാധന നടന്നിരുന്നു. എന്നാൽ കോടതിവിധി വന്നതോടെ ആ പള്ളികൾ പൂർണമായും ഞങ്ങൾക്ക് നഷ്ട‌പ്പെട്ടു. ഇനിയും തർക്കം നടക്കുന്നയിടങ്ങളിൽ ആരേയും പുറത്താക്കാതെ, എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആരാധനയ്ക്ക് വേണ്ട നടപടികൾ ചർച്ചകളിലൂടെ കൈക്കൊള്ളണമെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് കൂട്ടിച്ചേർത്തു.