സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിലെത്തിക്കും, ചോദ്യം ചെയ്യൽ തുടരും

 

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായ അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇയാളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ അർജുൻ ആയങ്കിയെ കണ്ണൂർ അഴിക്കോട്ടെ വീട്ടിലും കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച് കസ്റ്റംസ് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് ലാപ്ടോപ് അടക്കം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയക്കും.

കേസിലെ മറ്റൊരു പ്രതി മുഹമ്മദ്‌ ഷഫീഖിനെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ടി പി വധക്കേസ് പ്രതികളായ കൊടി സുനിയും, മുഹമ്മദ് ഷാഫിയും സ്വ‌ർണക്കടത്തിലും, ഒളിവിൽ കഴിയാനും തന്നെ സഹായിച്ചിരുന്നുവെന്ന് അർജുൻ മൊഴി നൽകിയിരുന്നു. പരോളിൽ കഴിയുന്ന മുഹമ്മദ്‌ ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ഏഴിന് കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നൽകി.

അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ചില നിർണായക തെളിവുകൾ കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. അതേസമയം, അർജുൻ ആയങ്കിയുടെ ഭാര്യയെ നാളെ ചോദ്യം ചെയ്യും. കേസിൽ അർജുൻ ആയങ്കിയുടെ കസ്റ്റഡി ഈ മാസം 6 നും മുഹമ്മദ്‌ ഷഫീഖിന്റെ കസ്റ്റഡി നാളെയും അവസാനിക്കും.