രാമനാട്ടുകര സ്വർണക്കടത്ത്: സി.പി.എം പുറത്താക്കിയ സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും

രാമനാട്ടുകര സ്വർണ കള്ളക്കടത്ത് കവർച്ച കേസിൽ സി.പി.എം പുറത്താക്കിയ ഡി.വൈ.എഫ്.ഐ നേതാവിനെ സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്  സി സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകി.  സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ സ്വർണ പരിശോധകനാണ് സജേഷ്. കടത്ത് സ്വർണം ഇയാൾ കൈകാര്യം ചെയ്തിരുന്നോ എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്.

അർജുൻ ആയങ്കിയുമായുള്ള ബന്ധത്തെ തുടർന്ന് സജേഷിനെ സി.പി.എം പുറത്താക്കിയിരുന്നു. അർജുൻ ആയങ്കി ഉപയോഗിച്ച കാർ സജീഷിന്റേതാണെന്ന് വ്യക്തമായിരുന്നു. അതേസമയം, മുഹമ്മദ് ഷെഫീഖിനെയും അർജുൻ ആയങ്കിയെയും ഇന്ന് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. അർജുൻ ആയങ്കിയെ ചോദ്യം ചെയ്ത ശേഷം അതിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ കൂടി ചേർത്തായിരിക്കും സജീഷിനെ ചോദ്യം ചെയ്യുക എന്നാണ് വിവരം. കടത്തി കൊണ്ട് വരുന്ന സ്വര്‍ണം വിവധ സര്‍വീസ് സഹകരണ ബാങ്കുകളിലെ ജീവനക്കാരെ സ്വാധീനിച്ച് ക്രയവിക്രയം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്. ജില്ല വിട്ട് പോകരുതെന്ന് കാണിച്ച് സി  സജേഷിന് കസ്റ്റംസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കരിപ്പൂരിലെ സ്വർണക്കടത്ത് കേസുകളിൽ കൂടുതൽ തുമ്പുണ്ടാക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് മുഹമ്മദ് ഷെഫീഖിനെയും അർജുൻ ആയങ്കിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. ജലീൽ, സലിം, മുഹമ്മദ്, അർജുൻ എന്നിവരുടെ പേരുകളാണ് ഷെഫീഖിന്റെ മൊഴിയിൽ ഉള്ളത്. ഇവരെ കേന്ദ്രീകരിച്ചും സ്വര്‍ണം പക്കലെത്തിയ ഉറവിടം കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.

ഷെഫീഖിൽ നിന്നു പിടിച്ചെടുത്ത ഫോണിൽ നിന്നും സ്വര്‍ണക്കടത്ത് സംബന്ധിച്ച് കസ്റ്റംസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അർജുൻ ഇന്നലെ നൽകിയ മൊഴികളിലും ചില നിർണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ചു. ഇതാണ് അറസ്റ്റിലേക്ക് വഴി വെച്ചതും. കസ്റ്റംസ് ഇന്ന് അർജുനെ കോടതിയിൽ ഹാജരാക്കി കസ്റ്റഡി അപേക്ഷ നൽകും.