പിടിവിട്ട് മുകളിലേക്ക് സ്വര്‍ണവില, ഒറ്റയടിക്ക് 2,760 രൂപ വര്‍ധിച്ചു; രണ്ടു ദിവസത്തിനിടെ കൂടിയത് 8,000 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്. ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്നാണ് വിലയിൽ മാറ്റം. ഇന്ന് പവന് ഒറ്റയടിക്ക് 2,760 രൂപയാണ് വര്‍ധിച്ചത്. 1,07,560 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 345 രൂപയാണ് വര്‍ധിച്ചത്. 13,445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിലെ 1,26,920 രൂപയായിരുന്നു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 23ന് ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 27,000 രൂപയാണ് കുറഞ്ഞത്.

എന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില കുറയാന്‍ തുടങ്ങിയതോടെ വീണ്ടും മുകളിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണ് സ്വര്‍ണവില. രണ്ടു ദിവസത്തിനിടെ ഏകദേശം 8000 രൂപയാണ് വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.