'തെരുവില്‍ എണ്ണം തികയ്ക്കാനല്ല ഈഴവ സ്ത്രീകള്‍, ഇതിന് മാറ്റം വരുത്തുക എന്നത് എന്റെ നിയോഗം', ഗോകുലം ഗോപാലന്‍

കേരളത്തിലെ ഈഴവ സ്ത്രീകളുടെ മുന്നേറ്റത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ശ്രീനാരായണ സഹോദര സംഘം നേതാവും നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്‍. വിദ്യാഭ്യാസം, തൊഴില്‍ സംരംഭകത്വം, ശാക്തീകരണം എന്നിവയ്ക്കായി കാലാനുസൃതമായ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ സാധിക്കണം. വനിത ദിനത്തില്‍ സ്വന്തം അമ്മയെ ഓര്‍മ്മിച്ചുകൊണ്ടുള്ള കുറിപ്പിലാണ് ഗോകുലം ഗോപാലന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നേതാവിനെ സ്വീകരിക്കാന്‍ താലപ്പൊലി പിടിക്കാനും സെറ്റ് മുണ്ടുടുത്ത് ബാനര്‍ പിടിക്കാനും പീത വസ്ത്രം ധരിച്ച് തെരുവില്‍ ശക്തി പ്രകടനം നടത്തുമ്പോള്‍ എണ്ണം തികയ്ക്കാനും മാത്രമാണ് കേരളത്തിലെ ഈഴവ സ്ത്രീകള്‍ക്ക് സാധിക്കുക എന്ന് കരുതുന്നവരാണ് ഇന്ന് സമുദായത്തെ നയിക്കുന്നത് എന്നതാണ് അവര്‍ക്കു വന്നു പെട്ട ദുര്‍വിധിയെന്ന് അദ്ദേഹം വിമര്‍ശിച്ചു.

‘വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ചു ശക്തരാകാനും ഗുരുദേവന്‍ പറഞ്ഞത് കേരളത്തിലെ യുവാക്കളോട് മാത്രമല്ല യുവതികളോടുമാണ്.ഈ സാഹചര്യത്തിന് ഒരു മാറ്റം വരുത്തുക എന്നത് എന്റെ നിയോഗമാണ്.’ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഇന്ന് വനിതാ ദിനമാണ്.
വടകരയിലെ ഒരു നാട്ടിന്‍പുറത്ത്, ഒരു ശരാശരി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഗോപാലന്‍ എന്ന കുട്ടിയെ ഇന്നത്തെ ഗോകുലം ഗോപാലന്‍ ആക്കി മാറ്റിയത് എന്റെ അമ്മയാണ്, അമ്മയുടെ സ്‌നേഹവും കഠിനാധ്വാനവും ദീര്‍ഘവീക്ഷണവുമാണ്.
പത്താം ക്ലാസ് പൂര്‍ത്തിയാക്കുന്നത് പോലും ഒരു മഹാകാര്യം ആണെന്ന് കരുതപ്പെട്ടിരുന്ന അക്കാലത്ത്,മകനെ ബിരുദാനന്തര ബിരുദധാരിയാക്കാന്‍ എന്റെ അമ്മ നാട്ടില്‍ ലഭ്യമായ എല്ലാ കൃഷി പണിയും ചെയ്തു. പുല്ല് കെട്ട് ചുമന്ന് ചൊവ്വാഴ്ച ചന്തകളില്‍ വിറ്റു. നാട്ടുനടപ്പ് അനുസരിച്ച് മകനെയും തന്നോടൊപ്പം കൃഷിപ്പണിക്ക് കൂട്ടണം എന്ന് വാശി പിടിച്ച അച്ഛനോട് എന്റെ പഠനത്തിനായി നിരന്തരം കലഹിച്ചു. പത്താം തരം കഴിഞ്ഞ് പട്ടാളത്തില്‍ ചേരാന്‍ പോയ എന്നെ നിര്‍ബന്ധപൂര്‍വ്വം മടക്കി കൊണ്ട് വന്നു. എന്റെ നിയോഗം മറ്റൊന്നാണ് എന്ന് അമ്മ അന്നേ തിരിച്ചറിഞ്ഞിരുന്നിരിക്കണം. ഒരു വനിതാ ദിനത്തില്‍, മരിക്കുവോളം എന്റെ വിജയത്തിനായി പരിശ്രമിച്ച എന്റെ അമ്മയെയല്ലാതെ മറ്റാരെയാണ് ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുക.
കേരളത്തിലെ ഓരോ ശ്രീനാരായണീയ ഭവനങ്ങളിലും ഇതുപോലെയുള്ള അമ്മമാരുണ്ട്. എന്നാല്‍
നേതാവിനെ സ്വീകരിക്കാന്‍ താലപ്പൊലി പിടിക്കാനും സെറ്റ് മുണ്ടുടുത്ത് ബാനര്‍ പിടിക്കാനും പീത വസ്ത്രം ധരിച്ച് തെരുവില്‍ ശക്തി പ്രകടനം നടത്തുമ്പോള്‍ എണ്ണം തികയ്ക്കാനും മാത്രമാണ് കേരളത്തിലെ ഈഴവ സ്ത്രീകള്‍ക്ക് സാധിക്കുക എന്ന് കരുതുന്നവരാണ് ഇന്ന് സമുദായത്തെ നയിക്കുന്നത് എന്നതാണ് അവര്‍ക്കു വന്നു പെട്ട ദുര്‍വിധി.
കേരളത്തിലെ ഈഴവ സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴില്‍ സംരംഭകത്വം, ശാക്തീകരണം എന്നിവയ്ക്കായി ഭാവനാപൂര്‍ണമായ, കാലാനുസൃതമായ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ നമുക്ക് സാധിക്കണം. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ചു ശക്തരാകാനും ഗുരുദേവന്‍ പറഞ്ഞത് കേരളത്തിലെ യുവാക്കളോട് മാത്രമല്ല യുവതികളോടുമാണ്.
ഈ സാഹചര്യത്തിന് ഒരു മാറ്റം വരുത്തുക എന്നത് എന്റെ നിയോഗമാണ്. കുടുംബത്തിനു വേണ്ടി ജീവിതം പോരാട്ടമാക്കിയ എന്റെ അമ്മയെപ്പോലുള്ള നിരവധി അമ്മമാരോടുള്ള ബാധ്യതയാണ് അത് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
ഏവര്‍ക്കും വനിതാ ദിനാശംസകള്‍.
സ്‌നേഹത്തോടെ
ഗോകുലം ഗോപാലന്‍.