വ്യക്തിഹത്യ നടത്തരുത്; എന്റെ പേരില്‍ ഭീഷണിപ്പെടുത്തിയവരുടെ പേര് വെളിപ്പെടുത്തണം; ശോഭയുടെ ആരോപണങ്ങള്‍ക്കെതിരെ ഗോകുലം ഗോപാലന്‍

ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരെ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. ശോഭ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയാണ് അദേഹം രംഗത്തെത്തിയത്. വ്യക്തിഹത്യ നടത്താന്‍ വേണ്ടിയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ശോഭ എത്തിയതെന്നും തന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ ആളുടെ പേര് വെളിപ്പെടുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

ഒരു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും താന്‍ ഇടപെടാറില്ല. ശോഭാ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഗോപാലന്‍ വ്യക്തമാക്കി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പറയാനായി പണം നല്‍കി തന്നെ സ്വാധീനിക്കാന്‍ കോടീശ്വരനായ 24 ചാനല്‍ ഉടമ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ ആരോപണം ഉയര്‍ത്തിയത്. ആലപ്പുഴയിലെ തന്റെ വിജയം ഇല്ലാതാക്കാന്‍ വ്യാജ വാര്‍ത്തകളിലൂടെ ചാനല്‍ ശ്രമിക്കുകയാണ്. വസതിയില്‍ ചാനല്‍ ഉടമയുടെ ഏജന്റ് വന്ന് കണ്ടു.

വെള്ളാപ്പള്ളി നടേശനെ പൊതുയോഗങ്ങളില്‍ ഇത്രത്തോളം പുകഴ്ത്താന്‍ പാടില്ലെന്നും ഇല്ലെങ്കില്‍ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തുമെന്നും ഏജന്റ് പറഞ്ഞു. ഇത് പാലിച്ചാല്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് ചെലവുകളും ചാനലുടമ ഏറ്റെടുക്കുമെന്നും അറിയിച്ചു. അതിന് വഴങ്ങാതിരുന്നതോടെ തന്നെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ചാനല്‍ വ്യാജവാര്‍ത്തകളും സര്‍വേ റിപ്പോര്‍ട്ടുകളും നല്‍കുകയാണെന്നും ശോഭ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി ഗോകുലം ഗോപാലന്‍ രംഗത്തെത്തിയത്.