കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആദിത്യനെയും ആർ അഭിരാജിനെയുമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. അതേസമയം ഹോസ്റ്റലിൽ നിന്ന് പിടിയിലായ അഭിരാജ് കോളേജ് യൂണിയൻ സെക്രട്ടറിയാണെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കി.

തൻ്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടികൂടിയതെന്ന് ആർ അഭിരാജ് പറഞ്ഞു. കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതാണെന്നാണ് അഭിരാജ് പറഞ്ഞത്. കഞ്ചാവ് ആരോ പുറത്തുനിന്ന് കൊണ്ടുവച്ചതാണെന്നും താൻ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും കഞ്ചാവ് മാഫിയയുമായി തനിക്ക് ബന്ധമില്ലെന്നും അഭിരാജ് പറഞ്ഞു.

ഇന്നലെ രാത്രി 11.20 നാണ് കളമശ്ശേരി പോളി ടെക്‌നിക് കോളജിൻ്റെ ഹോസ്റ്റലിൽ നിന്ന് രണ്ടു കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുന്നത്. സംഭവത്തിൽ ആർ. അഭിരാജിന് പുറമെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ ആദിത്യൻ, മൂന്നാം വർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥി ആകേഷ് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവിന് പുറമെ മദ്യവും പൊലീസ് നടത്തിയ റെയ്‌ഡിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

Read more