'ഉമ്മന്‍ ചാണ്ടിയെ ലൈംഗിക ആരോപണക്കേസില്‍ കുടുക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു'; അതുപോലെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, പരാതി വന്നപ്പോഴാണ് പറഞ്ഞതുപോലെ ചെയ്തുവെന്ന് മനസിലായതെന്ന് ഗണേഷിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ മൊഴി

സോളാര്‍ കേസില്‍ മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് സുധീര്‍ മലയിലിന്റെ മൊഴി. സോളാര്‍ പരാതിയില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ സുധീര്‍ ജേക്കബിന്റെ പരാതിയിലാണ് ഗണേഷ് കുമാറിന്റെ ചെയ്തികളെ കുറിച്ച് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് മൊഴി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയെ ലൈംഗിക ആരോപണക്കേസില്‍ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി സുധീര്‍ മലയില്‍ കൊട്ടാരക്കര കോടതിയില്‍ മൊഴി നല്‍കി.

ഉമ്മന്‍ചാണ്ടിയേയും യുഡിഎഫ് നേതാക്കളേയും പാഠം പഠിപ്പിക്കുമെന്ന് ഗണേഷ് കുമാര്‍ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. എന്നാല്‍ അതുപോലെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പിന്നീട് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ലൈംഗിക ആരോപണത്തിന്റെ പേരില്‍ കേസെടുത്തത് അറിഞ്ഞത്. അപ്പോഴാണ് ഗണേഷ് കുമാര്‍ പറഞ്ഞതുപോലെ ചെയ്തുവെന്ന് മനസ്സിലായത്. ആദ്യം കൊടുത്ത റിപ്പോര്‍ട്ടില്‍ സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടി സാറോ മറ്റു നേതാക്കന്‍മാരോ ഉണ്ടായിരുന്നില്ല. പിന്നീട് ഇതെല്ലാം എഴുതിച്ചേര്‍ത്തതാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോഴാണ് ഗണേഷ് കുമാര്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കിയെന്ന് വ്യക്തമായതെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ പറഞ്ഞുവെന്നും സുധീര്‍ മലയില്‍ പറഞ്ഞു.

Read more

സോളാര്‍ പരാതിയില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ സുധീര്‍ ജേക്കബിന്റെ പരാതിയിലാണ് കെബി ഗണേഷ്‌കുമാറിനെതിരെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് സുധീര്‍ മലയില്‍ മൊഴി നല്‍കിയത്. 2011 മുതല്‍ 2013 വരെ ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു സുധീര്‍ മലയില്‍. സോളാര്‍ പരാതിക്കാരിയുമായി ഗണേഷിന് അടുത്ത ബന്ധമുണ്ടെന്നും മന്ത്രിയുടെ വസതിയിലും ഓഫീസുകളിലും പരാതിക്കാരി നിത്യ സന്ദര്‍ശക ആയിരുന്നെന്നും സുധീര്‍ മലയില്‍ പറയുന്നു. മന്ത്രിസ്ഥാനം തിരികെ നല്‍കാത്ത ഉമ്മന്‍ ചാണ്ടിയെ പാഠം പഠിപ്പിക്കാന്‍ ഗണേഷ് കുമാര്‍ തീരുമാനിച്ചിരുന്നുവെന്നും സുധീര്‍ മലയില്‍ ആരോപിച്ചു.