ശബരിമലയിലെ തിക്കിനും തിരക്കിനും പ്രധാനകാരണം കെടുകാര്യസ്ഥത; കെഎസ്ആര്‍ടിസി അമിത ടിക്കറ്റ് നിരക്ക് വാങ്ങി കൊള്ളയടിക്കുന്നുവെന്ന് എന്‍എസ്എസ്

ശബരിമലയിലെ തിക്കിനും തിരക്കിനും പ്രധാനകാരണം കെടുകാര്യസ്ഥതയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇപ്പോഴുള്ള അത്രയും ആളുകള്‍ ഇതിനു മുന്‍പും ദര്‍ശനം നടത്തി യാതൊരു ബുദ്ധിമുട്ടും കൂടാതെ മടങ്ങിപ്പോയ ചരിത്രം നമ്മുടെ മുന്നിലുണ്ട്.

അന്നൊന്നും അനുഭവപ്പെടാത്ത ബുദ്ധിമുട്ടുകള്‍ ഇന്നുണ്ടാകാനുള്ള കാരണം പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണ്. പതിനെട്ടാംപടി കയറുന്ന ഭക്തരെ സഹായിക്കാനോ നിയന്ത്രിക്കാണാ പറ്റിയ സംവിധാനമല്ല ഇന്നവിടെ ഉള്ളത്. ഒരു മിനിറ്റില്‍ 90 പേരോളം പതിനെട്ടാംപടി കയറിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 50-60 പേര്‍ക്കു മാത്രമേ കയറാന്‍ സാധിക്കുന്നുള്ളൂ. അതിനുവരുന്ന താമസം ആണ് ഇന്ന് തിക്കിനും തിരക്കിനും പ്രധാന കാരണമാകുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് നിലക്കല്‍വരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ. അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് പമ്പയിലെത്തേണ്ടി വരുന്നത്. അമിത ചാര്‍ജ് വാങ്ങി ഭക്തജനങ്ങളെ കുത്തിനിറച്ചാണ് ബസുകള്‍ സര്‍വിസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളുടെ അഭാവവും നിലക്കലില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമാണ്. ചെറുവാഹനങ്ങള്‍ക്ക് പമ്പയില്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുത്താല്‍ നിലക്കലില്‍ ഉള്‍പ്പെടെ തിരക്ക് ഒഴിവാക്കാന്‍ സാധിക്കും.

കാര്യക്ഷമതയും അനുഭവസമ്പത്തുമുള്ള ഉദ്യോഗസ്ഥരെ ശബരിമലയില്‍ നിയോഗിച്ചാല്‍ ഭക്തജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണാം. അതിനാവശ്യമായ നടപടിയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു.