ജി. സുധാകരന് മരണം വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം; കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി : പരിഹസിച്ച് എ. വിജയരാഘവൻ

ജി. സുധാകരനെതിരെ പരിഹാസവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ജി. സുധാകരന് മരിക്കുന്നത് വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം. അത് നടക്കാത്തത് കൊണ്ടാണ് പാർട്ടി വിട്ടത്. സുധാകരന്റെ ദുരാഗ്രഹത്തിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ലെന്ന് എ. വിജയരാഘവൻ പറഞ്ഞു.

മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവർത്തിയാണ് സുധാകരൻ ചെയ്തത്. സഹതാപത്തിന്റെ ഒരു കണിക പോലും സുധാകരൻ അർഹിക്കുന്നില്ല. ചരിത്രത്തിൽ ആദ്യമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. ജി. സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായിട്ടാണെന്നും അദ്ദേഹം പരിഹസിച്ചു.

ആലപ്പുഴ ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ ആത്മാർത്ഥത സുധാകരന് കാണാൻ കഴിഞ്ഞില്ല. ജനകീയ സ്വതന്ത്രൻ എന്ന പേരിട്ടാൽ ജനങ്ങൾക്ക് മനസ്സിലാകില്ല എന്നു കരുതേണ്ട. വോട്ടെണ്ണുമ്പോൾ അത് മനസ്സിലാകുമെന്നും എ വിജയരാഘവൻ പറഞ്ഞു.