ഭാര്യയുടെ ജോലി സ്ഥലത്ത് സൗജന്യ പൊലീസ് സുരക്ഷ; ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരെ വീണ്ടും ആരോപണം

പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിന് നല്‍കിയ ഫണ്ട് വകമാറ്റി ചിലവഴിച്ചതിന് പിന്നാലെ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരെ മറ്റൊരു ആരോപണം കൂടി. അനുമതിയില്ലാതെ ടെക്‌നോപാര്‍ക്കില്‍ പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ച് കോടികളുടെ ബാധ്യത വരുത്തിയയെന്നാണ് ആരോപണം.

ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യ ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന കാലത്താണ് 18 വനിത പൊലീസുകാരെ അധികമായി സുരക്ഷയ്ക്ക് വിട്ടു നല്‍കിയത്. ഇതുമൂലം ഒരേ മുക്കാല്‍ കോടിയുടെ ബാധ്യതയാണ് സര്‍ക്കാരിനുണ്ടാക്കിയത്. തുടര്‍ന്ന് തുക ബെഹ്‌റയില്‍ നിന്ന് പിടിക്കണമെന്ന് വ്യവസായ സുരക്ഷാ സേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.

സംസ്ഥാന വ്യവസായ സുരക്ഷ സേനയില്‍ നിന്ന 22 പൊലീസുകാരെയായിരുന്നു ടെക്‌നോപാര്‍ക്ക് ആവശ്യപ്പെട്ടത്. അവര്‍ക്കൊപ്പം 18 വനിത പൊലീസുകാരെക്കൂടി ബെഹ്‌റ നിര്‍ബന്ധിച്ച് ഏല്‍പ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ അനുമതി വാങ്ങാതെയുള്ള ഈ സൗജന്യ സേവനം 2017 മുതല്‍ ബെഹ്‌റ വിരമിക്കുന്ന 2020 വരെയുള്ള മൂന്ന് വര്‍ഷം തുടര്‍ന്നിരുന്നു.

അതേസമയം ബെഹ്റയുടെ ഫണ്ട് വകമാറ്റലിന് മുഖ്യമന്ത്രി അംഗീകാരം നല്‍കിയതോടെ സംസ്ഥാന ഖജനാവിന് നഷ്ടം 4.33 കോടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട 4.33 കോടിയാണ് നഷ്ടപ്പെട്ടത് 30 പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിക്കാനാണ് കേന്ദ്രം 4.33 കോടി അനുവദിച്ചത്. അത് വകമാറ്റിയാണ് ബെഹ്റ ആഡംബര വില്ലകള്‍ പണിതത്. ഇതോടെ കേന്ദ്രം നല്‍കേണ്ട തുക സംസ്ഥാനത്തിന് ലഭിക്കാതെ വരുന്നു. ഇക്കാര്യം ബെഹ്റയുടെ സാധൂകരണ ഫയലില്‍ ധനവകുപ്പ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.