ചോറ്റാനിക്കരയിലും അട്ടിമറി? വന്‍ തട്ടിപ്പിന് ശ്രമം, സ്വര്‍ണ്ണം പൂശാന്‍ 100 കോടിയുടെ പദ്ധതിയുമായി ബെംഗളൂരു സ്വദേശി

എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിലും സ്‌പോണ്‍സര്‍ഷിപ്പിലൂടെ തട്ടിപ്പിന് ശ്രമം നടന്നുവെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് ഓഫീസറായിരുന്ന ആര്‍ കെ ജയരാജ്. ശ്രീകോവില്‍ സ്വര്‍ണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായി 100 കോടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് വാഗ്ദാനവുമായി ബെംഗളൂരു സ്വദേശി എത്തി എന്നാണ് ജയരാജ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസിനോടാണ് ജയരാജ് പ്രതികരിച്ചത്. 2019-20 കാലയളവില്‍ ചോറ്റാനിക്കര ക്ഷേത്രത്തില്‍ ശ്രീകോവില്‍ സ്വര്‍ണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായില്‍ 100 കോടി രൂപയുടെ പദ്ധതിയുമായി ബെംഗളൂരു സ്വദേശിയായ ഗണശ്രാവണ്‍ എന്നയാള്‍ എത്തി. മുകളില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ എത്തിയത്.

വലിയ ബിസിനസുകാരന്‍ ആണെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് ആറ് മാസത്തോളം ഇയാള്‍ അവിടെ ഉണ്ടായിരുന്നു. ഇയാള്‍ക്ക് ക്ഷേത്രത്തില്‍ വലിയ സ്വാതന്ത്ര്യവും നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ വാഗ്ദാനങ്ങളെല്ലാം കള്ളമാണെന്ന് വ്യക്തമായി.

Read more

ആന്ധ്രയില്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ക്ഷേത്രങ്ങളുടെ പേരില്‍ പിരിവ് നടത്തി തട്ടിപ്പ് നടത്തുന്നയാളാണെന്നും വ്യവസായി നല്‍കിയ വിലാസവും ആസ്തിയുമുള്‍പ്പെടെ വ്യാജമാണെന്ന തിരിച്ചറിവ് പിന്നാലെ പദ്ധതി ഒഴിവാക്കുകയായിരുന്നു എന്നാണ് ജയരാജ് വെളിപ്പെടുത്തിയത്.