സൂചിപ്പാറയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്യാന്‍ തീരുമാനം

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സൂചിപ്പാറ-കാന്തന്‍പാറ പ്രദേശത്ത് നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മൂന്ന് പൂര്‍ണ മൃതദേഹങ്ങളും ഒരു ശരീര അവശിഷ്ടവുമാണ് കണ്ടെത്തിയിട്ടുള്ളത്. മൃതദേഹങ്ങള്‍ ഇവിടെ നിന്ന് പുറത്തെത്തിക്കാന്‍ ഏറെ പ്രതിസന്ധികളുണ്ട്. എട്ടംഗ സംഘം ഉള്‍പ്പെട്ട സന്നദ്ധ സംഘടനയാണ് സൂചിപ്പാറയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പ്രദേശത്ത് നിന്ന് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. അതേസമയം മുണ്ടക്കൈയില്‍ പതിനൊന്നാം ദിവസം ജനകീയ തെരച്ചില്‍ തുടരുകയാണ്. മുണ്ടക്കൈ അങ്ങാടിയ്ക്ക് സമീപം ദുര്‍ഗന്ധം വമിച്ച രണ്ടിടങ്ങളില്‍ പരിശോധന തുടരുന്നു. പൊലീസ് നായയുടെ സഹായത്തോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.

അടിഞ്ഞുകൂടിയ ചെളി തെരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്. മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രദേശത്ത് എത്തിച്ച് തെരച്ചില്‍ നടത്താനാണ് തീരുമാനം. അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്.

Read more

ദുരന്തത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. പ്രധാന മേഖലകളിലെല്ലാം തെരച്ചില്‍ നടന്നതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് കിട്ടുന്ന വിരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തെരച്ചില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.