അവധിക്കാല ബെഞ്ചിന്റെ അടിയന്തര പരിഗണനയ്ക്ക് നാല് കേസുകള്‍ ലിസ്റ്റ് ചെയ്യിച്ചു, ഹര്‍ജിക്കാരന് 40,000 രൂപ പിഴയിട്ടത് റദ്ദാക്കില്ലെന്ന് ഹൈക്കോടതി; നടപടി ദുരുദ്ദേശപരം

അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാലു കേസുകള്‍ ലിസ്റ്റ് ചെയ്യിച്ചതിനു ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ഓരോ കേസിനും 10,000 രൂപ വീതം 40,000 രൂപ ഹര്‍ജിക്കാരനായ എം ആര്‍ അജയന്‍ അടയ്ക്കണമെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനി പിഴ 10,000 രൂപയില്‍ നില്‍ക്കില്ലെന്നും ജസ്റ്റിസുമാരായ എ ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അവധിക്കാല ബെഞ്ച് കോടതി ചെലവായി വിധിച്ച 40,000 രൂപ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അടയ്ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാട്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി അടക്കം 4 കേസുകള്‍ അവധിക്കാല ബെഞ്ചില്‍ അടിയന്തരമായി ലിസ്റ്റ് ചെയ്യിച്ചതിനാണ് കഴിഞ്ഞ ഡിസംബര്‍ 23ന് കോടതി ഇയാള്‍ക്കെതിരെ പിഴ ചുമത്തിയത്. ഇതിനെതിരെ ഹര്‍ജിക്കാരന്‍ എം ആര്‍ അജയന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുകയായിരുന്നു. എന്നാല്‍ ഹര്‍ജിക്കാരന്റെ നടപടി ദുരുദ്ദേശപരമാണെന്നും നടപടി പുനഃപരിശോധിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും വ്യക്തമാക്കി ഹൈക്കോടതി റിവ്യൂ പെറ്റിഷന്‍ തള്ളുകയായിരുന്നു.

Read more

കോടതി അവധിക്കു ശേഷം ചേരുമ്പോള്‍ ജനുവരി 21ന് പരിഗണിക്കാമെന്ന് തീരുമാനിച്ചിരുന്ന കേസുകളാണ് പിന്നീട് അവധിക്കാല ബെഞ്ചില്‍ ലിസ്റ്റ് ചെയ്യിച്ചതെന്ന് പിഴ ചുമത്തിയ വേളയില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു കേസിനു ശേഷം ഹര്‍ജിക്കാരന്റെ അഭിഭാഷകരും കോടതിയില്‍ ഉണ്ടായിരുന്നില്ല. അവധിക്കാല ബെഞ്ച് ചേരുന്ന അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കാനാണ് എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി പിഴ ചുമത്തിയത്.