വി.കെ ഇബ്രാഹിംകുഞ്ഞ്‌ മന്ത്രിപദം ഒഴിഞ്ഞശേഷം ദുബായ്‌ സന്ദര്‍ശിച്ചത്‌ 70 തവണ; വിശദീകരണം തേടാന്‍ ഒരുങ്ങി വിജിലന്‍സ്‌ 

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ആരോപണവിധേയനായ വി.കെ ഇബ്രാഹിംകുഞ്ഞ്‌ മന്ത്രിപദമൊഴിഞ്ഞശേഷം മൂന്നരവര്‍ഷത്തിനിടെ ദുബായ്‌ സന്ദര്‍ശിച്ചത്‌ 70 തവണ. ഇപ്പോള്‍ വിദേശത്തുള്ള ഇബ്രാഹിംകുഞ്ഞ്‌ തിരിച്ചെത്തിയാലുടന്‍ യാത്രകള്‍ സംബന്ധിച്ചു വിശദീകരണം തേടാനാണു വിജിലന്‍സ്‌ അന്വേഷണസംഘത്തിന്റെ തീരുമാനം.

അതേസമയം ഉപതിരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടികളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഇബ്രാഹിംകുഞ്ഞിനോട് യു.ഡി.എഫ്‌ നേതൃത്വം നിര്‍ദേശം നല്‍കി. പാലാരിവട്ടം അഴിമതി ആരോപണം തിരിച്ചടിയാകുമെന്നതിനാലാണിത്‌. ഇതേതുടര്‍ന്നാണ്‌ ഇബ്രാഹിംകുഞ്ഞ്‌ വിദേശത്തേക്കു പോയതെന്നു ലീഗ്‌ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ലീഗ്‌ മത്സരിക്കുന്ന മഞ്ചേശ്വരത്ത്‌ പാര്‍ട്ടിയിലെ മറ്റു പ്രമുഖനേതാക്കളെല്ലാം പ്രചാരണരംഗത്തു സജീവമാണ്‌.