കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കാണാതായ മുൻ സി.പി.എം പ്രവർത്തകൻ തിരിച്ചെത്തി, യാത്ര പോയതെന്ന് വിശദീകരണം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ പാര്‍ട്ടിയില്‍ പരാതിപ്പെട്ട മുന്‍ സിപിഐഎം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സുജേഷ് തിരിച്ചെത്തിയത്. കണ്ണൂരില്‍ പോയതെന്നാണ് സുജേഷിന്റെ വിശദീകരണം. സുജേഷിനെ കാണാതായതുമായി ബന്ധപ്പെട്ട് കേസെടുത്തതിനാല്‍ അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വായ്പാ തട്ടിപ്പിന് എതിരെ കരുവന്നൂർ സഹകരണ ബാങ്കിന് മുമ്പിൽ ഒറ്റയാൻ സമരം നടത്തിയിരുന്നു.

ശനിയാഴ്ചയാണ് സുജേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലായിരുന്നു. തുടര്‍ന്ന് വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് സുജേഷ് തിരിച്ചെത്തിയത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദമായതിന് പിന്നാലെ സുജേഷിനെ സിപിഐഎം പുറത്താക്കിയിരുന്നു. ബാങ്ക് അഴിമതിക്കെതിരെ താന്‍ ഒറ്റയാള്‍ സമരം നടത്തിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്നും ബാങ്ക് തട്ടിപ്പ് സിപിഐഎം നേരത്തെ അറിഞ്ഞില്ലെന്ന് പറയുന്നത് നുണയാണെന്നും സുജേഷ് കണ്ണാട്ട് പറഞ്ഞിരുന്നു.

കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയ പ്രതികൾക്കെതിരെ തെളിവുകൾ അക്കമിട്ട് നിരത്തിയത് സുജേഷായിരുന്നു. മാധ്യമങ്ങൾക്കു മുമ്പിൽ പരസ്യമായി വായ്പാ തട്ടിപ്പിനെതിരെ രംഗത്തുവന്നു. പാർട്ടി അംഗത്വം തിരിച്ചുകിട്ടാൻ അപ്പീൽ നൽകി കാത്തിരിക്കുയായിരുന്നു. ഇതിനിടെയാണ്, സുജേഷിനെ കഴിഞ്ഞ ദിവസം കാണാതായത്.