നിയമനക്കത്ത് വ്യാജം; കേസെടുക്കാന്‍ ശിപാര്‍ശ ചെയ്യാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്

നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ പാര്‍ട്ടിക്ക് നല്‍കിയതായി പ്രചരിപ്പിക്കപ്പെട്ട കത്ത് വ്യാജം. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വ്യാജരേഖ ചമച്ചതിന് കേസെടുക്കാന്‍ ശിപാര്‍ശ ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. എസ്.പി ഉടന്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കും.

വിവാദ കത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മേയര്‍ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലന്‍സ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിന് പിന്നാലെയാണ് വിജിലന്‍സും വിവാദ കത്തില്‍ അന്വേഷണം നടത്തുന്നത്. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ശ്രീകുമാറില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു.

കത്തിനെ കുറിച്ച് അറിയില്ലെന്നും കോര്‍പ്പറേഷനിലെ നിയമനങ്ങളില്‍ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും മൊഴി നല്‍കി. വീട്ടില്‍ വെച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്.

നഗരസഭയുടെ ആരോഗ്യവിഭാഗത്തില്‍ നിയമനം നല്‍കാനുള്ള മേയറുടെ പേരിലുള്ള ശുപാര്‍ശ കത്ത് പുറത്തായതിന് പിന്നാലെ നാല് പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടത്.