'വിശദമായ പരിശോധനയ്ക്ക് ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ, ഫൊറൻസിക് പരിശോധന ആരംഭിച്ചു'; വീണാ ജോർജ്

തീപിടിത്തമുണ്ടായ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തത്തിനു കാരണമെന്താണെന്ന് വിശദമായ പരിശോധനയ്ക്കു ശേഷമേ പറയാനാകൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവ സ്ഥലത്ത് ഫൊറൻസിക് പരിശോധന ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ നടന്ന മെഡിക്കൽ ബോർഡ് യോഗത്തിന് എത്തിയതാണ് മന്ത്രി.

മറ്റ് കാര്യങ്ങൾ വകുപ്പു മേധാവിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തതിനിടെയുണ്ടായ അഞ്ച് മരണത്തിലും പൊലീസ് കേസെടുത്തിരുന്നു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യും.

Read more

വടകര സ്വദേശി സുരേന്ദ്രൻ (59), വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ (65), കൊയിലാണ്ടി സ്വദേശി ഗംഗാധരൻ (70), എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. ബന്ധുക്കളുടെ പരാതിയിലാണ് നടപടി. ഈ മൂന്നു പേരുടെ കൂടാതെ ഗംഗ (34), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്. ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം വ്യക്തമല്ലെന്നാണ് നിലവിൽ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.