ലൈസന്‍സും അനുബന്ധ രേഖകളുമില്ലാതെ വിദേശ റിക്രൂട്ട്‌മെന്റ്; കൊച്ചിയില്‍ പൊലീസ് അടച്ചുപൂട്ടിയത് രണ്ട് സ്ഥാപനങ്ങള്‍

കൊച്ചിയില്‍ ലൈസന്‍സും അനുബന്ധ രേഖകളുമില്ലാതെ വിദേശ റിക്രൂട്ട്‌മെന്റ് നടത്തിയ രണ്ട് സ്ഥാപനങ്ങള്‍ പൊലീസ് അടച്ചുപൂട്ടി. ഇടപ്പള്ളി ലുലു മാളിന് സമീപം പ്രവര്‍ത്തിച്ച് വന്നിരുന്ന ഭുവനേശ്വരി ഇന്‍ഫോടെക് ആന്റ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സിയും എറണാകുളം പള്ളിമുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്നോവേറ്റീവ് ഇന്റര്‍നാഷണല്‍ റെവലൂഷനുമാണ് അടച്ചുപൂട്ടിയത്.

കൊച്ചി സിറ്റി പൊലീസും പ്രൊട്ടക്ഷന്‍ ഓഫ് എമിഗ്രന്റ് കൊച്ചി വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് ലൈസന്‍സും മറ്റ് അനുബന്ധ രേഖകളുമില്ലാതെയാണ് ഇരു സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയത്. ഭുവനേശ്വരി ഇന്‍ഫോടെക് ആന്റ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ലൈസന്‍സ് ഇല്ലാതെയാണ് വിദേശത്തേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്.

പരിശോധനയെ തുടര്‍ന്ന് സ്ഥാപനത്തിന്റെ ഉടമയായ കാസര്‍ഗോഡ് കൊളത്തൂര്‍ വരിക്കുളം വീട്ടില്‍ പ്രദീപ് കുമാറിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പോളണ്ട്, യുക്രെയ്ന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു പ്രദീപ് കുമാറിന്റെ സ്ഥാപനം റിക്രൂട്ട്‌മെന്റ് നടത്തി വന്നിരുന്നത്. പരിശോധനയില്‍ ഇവിടെ നിന്ന് സീലും ലെറ്റര്‍പാഡും ഉദ്യോഗാര്‍ത്ഥികളുമായുള്ള കരാറുകളും കണ്ടെടുത്തു.