അടിവസ്ത്രം ധരിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ അംഗീകൃത വാട്‌സ് ആപ്പ് സംഘടനയുടെ ഗ്രൂപ്പില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് കെ.എസ് ആര്‍.ടി.സി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന എം. സാബുവിനെതിരെയാണ് നടപടി. ഇയാള്‍ അടിവസ്ത്രം ധരിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഷൂട്ട് ചെയ്ത് ഗ്രൂപ്പിലേയ്ക്ക് അയയ്ക്കുകയായിരുന്നു. മുപ്പത്തഞ്ചോളം സ്ത്രീകള്‍ ഉളള ഗ്രൂപ്പിലേയ്ക്കാണ് ഇത്തരം ഒരു വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു സംഭവം. ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്ന് താത്കാലികമായാണ് സാബു തിരുവനന്തപുരത്തേക്ക് എത്തിയത്.

ഗവ. അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയാണ് സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. ഡ്രൈവറുടെ പ്രവൃത്തി അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവുമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

സംഭവത്തില്‍ നെടുമങ്ങാട് ഇന്‍സ്പെക്ടര്‍ ബി. ഗിരീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന് ശേഷമാണ് സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. ഓണ്‍ലൈന്‍ പഠനം പുരോഗമിക്കുന്ന സമയത്തായിരുന്നു വീഡിയോ പങ്കുവെച്ചത്. ജീവനക്കാരുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ കണ്ടിരുന്നു. ഇത് അവമതിപ്പുണ്ടാക്കിയതായാണ് അന്വേഷണ റിപ്പോര്‍ട്ട്.