കൊട്ടാരക്കര അംഗന്‍വാടിയിലെ ഭക്ഷ്യവിഷബാധ; ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊട്ടാരക്കര കല്ലുവാതുക്കല്‍ അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. അംഗന്‍വാടി വര്‍ക്കര്‍ ഉഷാകുമാരി , സഹായി സജ്ന ബീവി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസറാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദിയും വയറിളക്കവും ഉണ്ടായതോടെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അംഗന്‍വാടിയില്‍ നിന്ന് നല്‍കിയ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. തുടര്‍ന്ന് അംഗന്‍വാടിയില്‍ നടത്തിയ പരിശോധനയില്‍ പുഴുവരിച്ച അരി കണ്ടെത്തി. ഇവിടുത്തെ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചു.

അതേസമയം കായംകുളം പുത്തന്റോഡ് യുപി സ്‌കൂളിലെ 20 കുട്ടികള്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സ്‌കൂളില്‍നിന്ന് ചോറും സാമ്പാറും പയറുമാണ് കുട്ടികള്‍ കഴിച്ചത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉടന്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.

സംഭവത്തെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് റിപ്പോര്‍ട്ട് തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നല്‍കിയ സാധനങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.