'രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ വലിയ രീതിയിൽ സൈബർ അധിക്ഷേപം നേരിടുന്നു, വ്യക്തി ജീവിതത്തെ ഉൾപ്പടെ ബാധിച്ചു'; മുഖ്യമന്ത്രിക്ക് പരാതി നൽകി മൂന്നാം ബലാത്സംഗ കേസിലെ പരാതിക്കാരി

മുഖ്യമന്ത്രിക്ക് പരാതി നൽകി മൂന്നാം ബലാത്സംഗ കേസിലെ പരാതിക്കാരി. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ സൈബർ അധിക്ഷേപത്തിനെതിരെയാണ് പരാതി. സൈബർ ഇടങ്ങളിലെ ആക്രമണം വലിയ തോതിൽ ബാധിക്കുന്നുവെന്നും വ്യക്തി ജീവിതത്തെ ഉൾപ്പടെ ബാധിച്ചുവെന്നും അതിജീവിത പരാതിയിൽ പറയുന്നു.

വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യപെട്ടാണ് മുഖ്യമന്ത്രിക്ക് പരാതിക്കാരി പരാതി നൽകിയത്. കൂടാതെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതിക്കാരി പരാതി നൽകിയിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. മൂന്നാമത്തെ ബലാത്സംഗ കേസിൽ ഇക്കഴിഞ്ഞ ദിവസമാണ് രാഹുലിനെ അന്വേഷണ സംഘം പിടികൂടിയത്. പാലക്കാട്ടെ ഹോട്ടലിൽ നിന്നുമാണ് അർധരാത്രി രാഹുലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ ഇന്നലെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ ഇന്ന് നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പുകൾ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഈ കേസിൽ ക്രൈം നിലനിൽക്കില്ല എന്ന് പ്രതിഭാഗം വാദിച്ചു.