മരട് ഫ്ലാറ്റ് പൊളിക്കൽ; വീടുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ നടപടിയില്ല; പ്രദേശവാസികൾ നിരാഹാരസമരത്തിലേക്ക്

മരടിൽ ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി 10 ദിവസം മാത്രമാണ് ബാക്കി നിൽക്കുന്നത്. മരടിലെ പ്രദേശവാസികളുടെ  നിരാഹാര സമരം ഇന്ന് മുതൽ തുടങ്ങും. ഫ്ലാറ്റിന് പരിസരത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം തുടങ്ങുന്നത്. ആൽഫാ സെറീൻ ഫ്ലാറ്റിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാവിലെ എട്ടര മണിയോടെ നെട്ടൂർ പാലത്തിന് സമീപത്ത് നിന്നും കുടുംബങ്ങൾ റാലിയായി ആൽഫ സെറിൻ പ്ലാറ്റ് പരിസരത്ത് സംഗമിക്കും. ഫ്ളാറ്റ് സമുച്ചയത്തിന് മുമ്പിൽ ഒരുക്കുന്ന പന്തലിലാണ് റിലേ നിരാഹാര സമരം തുടങ്ങുക.

ഫ്ലാറ്റുകള്‍ പൊളിച്ച ശേഷവും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ മാസങ്ങളെടുക്കുമെന്നതും പ്രദേശവാസികളെ പേടിപ്പെടുത്തുന്നു. മരടിലെ ഫ്ലാറ്റുകളുടെ ചുമരുകള്‍ നീക്കിത്തുടങ്ങിയപ്പോള്‍ തന്നെ സമീപത്തെ പല വീടുകളിലും വിള്ളല്‍ വീണിരുന്നു. ഫ്ലാറ്റുകള്‍ പൂര്‍ണമായും പൊളിച്ചു തീരുമ്പോള്‍ ഈ കെട്ടിടങ്ങള്‍ക്ക് വലിയ തോതില്‍‍ കേടുപാടുകളുണ്ടാകുമെന്ന ആശങ്കയും നാട്ടുകാരില്‍ ശക്തമാണ്. ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ചും ഒട്ടേറെ സംശയങ്ങളുണ്ട്.

ഫ്ലാറ്റുകള്‍ പൊളിച്ചു കഴിഞ്ഞാലും അവശിഷ്ടങ്ങള്‍ മാറ്റാൻ രണ്ട് മാസത്തിലേറെ എടുത്തേക്കും. പ്രത്യേകിച്ചും ആല്‍ഫാ ഇരട്ട ടവറുകളുടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാൻ. ഈ സമയം രൂക്ഷമായ പൊടിശല്യമുണ്ടാകും. ഇവിടെ താമസിക്കുക ദുഷ്കരമാകും. ഈ ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പുതുവത്സരദിനത്തില്‍ പട്ടിണി സമരത്തിനൊരുങ്ങുന്നത്.