എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്

എറണാകുളം വടുതലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലൂര്‍ദ് ആശുപത്രിക്ക് സമീപം ഗ്രീന്‍ ഗാര്‍ഡനിലാണ് സംഭവം. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. വടുതലയില്‍ വാടകയ്ക്ക് താമസിച്ച തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം സ്വദേശികളായ ഇവര്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി അശ്വതി എസ്.നായര്‍, അമ്മ ശ്രീകുമാരി, ആണ്‍മക്കളായ കീര്‍ത്തിവന്‍ (14), കാര്‍ണിവന്‍ (10), രണ്ടു വയസുള്ള പെണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

രണ്ട് മാസം മുമ്പാണ് ഇവര്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയത്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയ്ക്കാണ് ഇവര്‍ എറണാകുളത്ത് എത്തിയത്. 2025 ഫെബ്രുവരി മുതല്‍ വിളപ്പില്‍ശാല കാരോടുള്ള വീട് മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയ ശേഷമാണ് ഇവര്‍ എറണാകുളത്തേക്ക് പോയിരുന്നത്.

ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഇവരെ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുടമ വിദേശത്താണ്. രണ്ടു ദിവസമായി ആരെയും പുറത്തു കാണാതായതോടെ വീട്ടുടമയുടെ ബന്ധു എത്തി വീടു തുറന്നു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)