വിലക്കയറ്റം രൂക്ഷം, കടല്‍മത്സ്യങ്ങള്‍ക്ക് ക്ഷാമം; നാടന്‍മത്സ്യങ്ങള്‍ക്ക് പ്രിയമേറുന്നു

മീന്‍ വില കുത്തനെ ഉയര്‍ന്നതോടെ നാടന്‍ മത്സ്യങ്ങള്‍ക്ക് പ്രിയമേറുന്നു. ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ കടല്‍ മത്സ്യക്ഷാമം രൂക്ഷമായതും നാടന്‍ മത്സ്യങ്ങളിലേക്കു ചുവടുമാറ്റാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും മത്സ്യകൃഷി വ്യാപകമായതിനാല്‍ വളര്‍ത്തു മത്സ്യം സുലഭമാണ്. തിലോപ്പി, രോഹു, കട്‌ല, പിരാന എന്നിവയാണ് ഏറെയും. ട്രോളിംഗ് നിരോധനകാലം മുമ്പില്‍ കണ്ട് നിരവധി പേര്‍ വ്യാപകമായി മത്സ്യകൃഷി തുടങ്ങിയിരുന്നു.

വിപണിയില്‍ നെയ്മീന് കിലോക്ക് 1200 രൂപയും നാടന്‍ കരിമീനിന് 600 രൂപയുമാണ് ഇപ്പോള്‍ വില. രണ്ടാഴ്ചക്കിടെ കടല്‍ മീനിന് കിലോക്ക് 150 മുതല്‍ 250 രൂപ വരെയാണ് വര്‍ദ്ധിച്ചത്. ജനപ്രിയ മത്സ്യമായ മത്തി കിലോയ്ക്ക് 500 രൂപ വരെ എത്തിയിരുന്നു. ട്രോളിംഗ് നിരോധനത്തിന് മുമ്പ് ഒരു കിലോ മത്തിക്ക് 160 രൂപയായിരുന്നു വില.

മുന്‍വര്‍ഷങ്ങളില്‍ കേരളത്തില്‍ കടല്‍മത്സ്യങ്ങളുടെ ക്ഷാമം അനുഭവപ്പെടുമ്പോള്‍ മംഗലാപുരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നാണ് എത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവിടെ നിന്നുള്ള മത്സ്യവരവ് കുറഞ്ഞതും ട്രോളിംഗ് നിരോധന കാലത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.