ശശി തരൂര്‍ അല്ല കനോലി സായിപ്പ് വന്നു പറഞ്ഞാലും സത്യം മാറാന്‍ പോകുന്നില്ല; കേരളത്തില്‍ വികനകുതിപ്പ് ഉണ്ടാക്കിയത് കുഞ്ഞാലിക്കുട്ടി; ആഞ്ഞടിച്ച് ഫാത്തിമ തഹ്ലിയ

ശശി തരൂര്‍ അല്ല കനോലി സായിപ്പ് വന്നു പറഞ്ഞാലും സത്യം മാറാന്‍ പോകുന്നില്ല യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ. കേരളത്തിലെ വ്യവസായ രംഗത്ത് വികസന കുതിപ്പ് ഉണ്ടാക്കിയത് പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്ന യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ്.

വിവിധ യുഡിഎഫ് മന്ത്രിസഭകള്‍ വ്യവസായ രംഗത്തും ഐടി രംഗത്തും മാറ്റങ്ങള്‍ കൊണ്ടു വരുമ്പോള്‍ ഞൊണ്ടി ന്യായങ്ങള്‍ പറഞ്ഞു സമരം ചെയ്യുന്നതിലായിരുന്നു ഇടതുപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കേരളത്തിലെ സൈബര്‍ പാര്‍ക്കുകളുടെയും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളുടെയും ചരിത്രം ചികഞ്ഞു പോയാല്‍ ചെന്നെത്തുക പി കെ കുഞ്ഞാലിക്കുട്ടി എന്ന വികസന പുരുഷനിലാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റി വരച്ചത് യുഡിഎഫ് സര്‍ക്കാരാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ നയമല്ല ഒരു കാലത്തും ഇടത് സര്‍ക്കാറിന്റേതെന്നും അവരുടെത് പൊളിച്ചടുക്കല്‍ നയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വകാര്യ എന്‍ജിനീയറിങ് കോളജുകള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ സമരങ്ങള്‍ ജനങ്ങള്‍ക്ക് ഇന്നും ഓര്‍മയുണ്ടാകും.

പല ലോകോത്തര ആശയങ്ങളും കേരളത്തിലെത്തിച്ചത് ആന്റണി സര്‍ക്കാറാണെന്നും കിന്‍ഫ്ര കൊണ്ടുവന്നത് യു.ഡി.എഫ് സര്‍ക്കാരാണ്. . കേരളത്തില്‍ വന്ന വ്യവസായങ്ങളില്‍ 90 ശതമാനവും കിന്‍ഫ്ര പാര്‍ക്കിനകത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്ഷയ കേന്ദ്രങ്ങളും ഇന്‍ഫോപാര്‍ക്കും തുടങ്ങിയതും യു.ഡി.എഫ് സര്‍ക്കാറുകളാണ്. ഇതിന്റെ കഠിന പരിശ്രമത്തിന്റെ ഭാഗമാണ് ആന്റണി സര്‍ക്കാരിന്റെ കാലത്തുള്ള എമര്‍ജിങ് കേരള, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുള്ള ഇന്‍വെസ്റ്റ്‌മെന്റ് മീറ്റുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കൊച്ചിയില്‍ നടക്കാന്‍ പോകുന്ന വ്യവസായ ഈവന്റില്‍ പ്രതിപക്ഷത്തെ നേതാക്കള്‍ പങ്കെടുക്കുമെന്നും മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജിം അടക്കമുള്ള ഈവന്റുകളില്‍ ഇടതു നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടോയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതും, വലിയ ഹൈവേകള്‍ക്ക് അനുകൂലിക്കുന്നതുമെല്ലാം ഇടതുമുന്നണിയുടെ നേരത്തെയുള്ള നയത്തില്‍ നിന്നുള്ള തിരുത്തലുകളാണെന്നും അദ്ദേഹം പറഞ്ഞു