പിങ്ക് പൊലീസ് അപമാനിച്ച എട്ട് വയസുകാരിയുടെ കുടുംബം സെക്രട്ടേറിയറ്റ് പടിയ്ക്കൽ ഉപവാസത്തിന്

പിങ്ക് പൊലീസ് പരസ്യവിചാരണ നടത്തി അപമാനിച്ച എട്ടുവയസുകാരിയുടെ കുടുംബം സമരത്തിലേക്ക്. ഈ മാസം 25ന് പെണ്‍കുട്ടിയുടെ കുടുംബം സെക്രട്ടേറിയറ്റ് പടിയ്ക്കൽ ഉപവാസമിരിക്കും. മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിതയെ സ്ഥലം മാറ്റുക മാത്രമാണുണ്ടായതെന്നും കൃത്യമായ നടപടി ഉദ്യോഗസ്ഥക്കെതിരെ എടുക്കാന്‍ തയ്യാറാകാത്തതു കൊണ്ടാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ആറ്റിങ്ങലിൽ വെച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. ഐ.എസ്.ആർ.ഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിൻറെ വാഹനവും പാർക്ക് ചെയ്തിരുന്നു. തന്റെ മൊബൈൽ മോഷ്ടിച്ചു എന്ന് ആരോപിച്ച് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത ചോദ്യം ചെയ്യുകയായിരുന്നു. .

ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തിൽ ഇടപെട്ടു. മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയായിരുന്നു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷണം നടത്തി പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. തുടര്‍ന്ന് അന്വേഷണവിധേയമായി പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയെ സ്ഥലം മാറ്റിയിരുന്നു. നേരത്തെ തന്നെ കുട്ടിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു.