കുഞ്ഞനന്തനെ മഹത്വവൽക്കരിച്ച് സുനിൽ പി ഇളയിടത്തിന്റെ പേരിൽ വ്യാജപ്രചാരണം; മര്യാദയില്ലായ്മ, പിൻവലിക്കണമെന്ന് പ്രതികരണം

 

പി.കെ കുഞ്ഞനന്തനെ കുറിച്ച്‌ തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്ന് സുനിൽ പി ഇളയിടം. താൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് മര്യാദയില്ലായ്മയാണ് എന്നും ബന്ധപ്പെട്ടവർ അതവസാനിപ്പിക്കണം എന്നും സുനിൽ പി ഇളയിടം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ടി.പി ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം അംഗവും കഴിഞ്ഞ ദിവസം അന്തരിക്കുകയും ചെയ്ത പി.കെ കുഞ്ഞനന്തനെ സുനിൽ പി ഇളയിടം പ്രകീർത്തിക്കുന്നതായുള്ള പോസ്റ്റുകൾ സുനിൽ പി ഇളയിടം സ്പീച്ച്‌ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സി.പി.എം അനുകൂലികൾ പ്രചരിപ്പിച്ചത്.

“അതിഭീകരമായി ഒരു ഭരണകൂടം വേട്ടയാടിയ മനുഷ്യനാണ്, തല്ലി ചതച്ചിട്ടും തോറ്റു പോകാത്ത വീര്യമാണ്. സഖാവ് പി കെ കുഞ്ഞനന്തന് അന്ത്യാഭിവാദ്യങ്ങൾ…” എന്നാണ് സുനിൽ പി ഇളയിടത്തിന്റെ പേരിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിൽ എഴുതിയിരിക്കുന്നത്.

സുനിൽ പി ഇളയിടത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്:

എൻ്റെ പേരും ചിത്രവും ഉൾപ്പെടുത്തി ഇങ്ങനെയൊരു പ്രസ്താവന പ്രചരിക്കുന്ന കാര്യം ഇപ്പോഴാണ് സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയത്. ഇത് എൻ്റെ പേജോ പ്രസ്താവനയോ അല്ല. ബന്ധപ്പെട്ടവർ ഇത് പിൻവലിക്കണം

എനിക്ക് ഈയൊരു Fb അക്കൗണ്ട് മാത്രമാണ് ഉള്ളത്. എൻ്റെ പേരും ചിത്രവും ഉൾപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റു പേജുകളും പ്രസ്താവനകളും എൻ്റെ അറിവോ സമ്മതമോ ഉള്ളവയല്ല.

എൻ്റെ പേരും ചിത്രവും ഉപയോഗിച്ച് ഞാൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് മര്യാദയില്ലായ്മയാണ്. ബന്ധപ്പെട്ടവർ അതവസാനിപ്പിക്കണം.

എൻ്റെ പേരും ചിത്രവും ഉൾപ്പെടുത്തി ഇങ്ങനെയൊരു പ്രസ്താവന പ്രചരിക്കുന്ന കാര്യം ഇപ്പോഴാണ് സുഹൃത്തുക്കൾ ശ്രദ്ധയിൽ…

Posted by Sunil Elayidom on Sunday, June 14, 2020

 

സുനിൽ പി ഇളയിടത്തിന്റെ പേരിലുള്ള വ്യാജപ്രചാരണങ്ങൾ:

അതിഭീകരമായി ഒരു ഭരണകൂടം വേട്ടയാടിയ മനുഷ്യനാണ്, തല്ലി ചതച്ചിട്ടും തോറ്റു പോകാത്ത വീര്യമാണ്.സഖാവ് പി കെ കുഞ്ഞനന്തന് അന്ത്യാഭിവാദ്യങ്ങൾ…

Posted by Sunil P Elayidam speech on Thursday, June 11, 2020

 

രാജ്യത്തേറ്റവും RSS ശാഖകളുള്ള സംസ്‌ഥാനമായിട്ടും കേരളത്തിൽ സംഘപരിവാരത്തിന് വിജയിക്കാൻ കഴിയാതെ പോയതെന്താണെന്ന് നിങ്ങളാലോചിച്ചു നോക്കിയിട്ടുണ്ടോ?സഖാവ് പികെ കുഞ്ഞനന്തനെപ്പോലുള്ള എണ്ണം പറഞ്ഞ രാഷ്ട്രീയ മനുഷ്യജീവികൾ ഇന്നാട്ടിന്റെ മതനിരപേക്ഷതക്ക് കാവൽ നിന്നതിന്റെ ഫലമായാണ് വലിയ കാഡർ ശേഷിയുണ്ടായിട്ടും കേരളത്തിലെ ബിജെപിയുടെ വളർച്ച ശോഷിച്ചുപോയത്. ഫാസിസ്റ്റു വിരുദ്ധപോരാട്ടത്തിന്റെ മൊത്തക്കച്ചവടക്കാരായ മധ്യവർഗ്ഗ ലിബറൽ ബുദ്ധിജീവിതങ്ങൾക്ക് ഒരിക്കലും മനസ്സിലാകാത്ത കാര്യമാണിതെങ്കിലും നമ്മുടെ നാട് ബിജെപിക്ക് ബാലികേറാമലയായി തുടരുന്നത് അനേകം കുഞ്ഞനന്തൻമാരുടെ രാഷ്ട്രീയ ഇടപെടലുകൾ മൂലം മാത്രമാണ്. RSS ന് ശക്തമായ സംഘടനാ മെഷിനറിയുള്ള പ്രദേശമാണ് പാനൂർ. അതേസമയം സംഘപരിവാരത്തിനെതിരെയും ഫ്യൂഡൽ മാടമ്പിമാർക്കെതിരെയും ഇത്രയും ചെറുത്തുനിൽപ്പുകൾ നടത്തിയ മറ്റൊരു പ്രദേശം പാനൂരിനോളം ഈ രാജ്യത്തുതന്നെയുണ്ടാകില്ല. RSS ന്റെ ആക്രമണോത്സുക രാഷ്ട്രീയത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഏതൊരാൾക്കും പാനൂരിനെ വിട്ടുകളയാനാകില്ല. സിപിഐഎമ്മിന് ഒരൊറ്റ ബ്രാഞ്ചിൽ മൂന്ന് രക്തസാക്ഷികളുണ്ടായ നാടാണത്. തൊഴിലാളി വർഗ്ഗ പാർടി ജീവൻ നൽകി സംഘപരിവാറിനെതിരെ പ്രതിരോധം തീർത്ത രാഷ്ട്രീയ ഭൂമികയാണത്. ഫ്യൂഡൽ മാടമ്പിമാർ നേതൃത്വം നൽകിയ പ്രജാ സോഷ്യലിസ്റ്റ് പാർടിയും അതോടൊപ്പം സംഘപരിവാരവും സംസ്‌ഥാനത്തുതന്നെ എറ്റവും ശക്തമായ വേരോട്ടമുണ്ടാക്കിയ പാനൂരിൽ സിപിഐഎമ്മിന്റെ ചെറുത്തുനിൽപ്പുകൾ അത്രയെളുപ്പമായിരുന്നില്ല. സഖാവ് പികെ കുഞ്ഞനന്തനെപ്പോലുള്ള അടിമുടി പൊളിറ്റിക്കലായ പച്ച മനുഷ്യരാണ് ഒരു ദേശത്താകെ ഫാസിസ്റ്റു രാഷ്ട്രീയത്തെ ഗ്രൗണ്ട് ലെവലിൽ പിടിച്ചുകെട്ടിയത്. ഹിന്ദുവർഗ്ഗീയതക്കെതിരെ അറുപതുകളിൽ തുടങ്ങിയ ചെറുത്തുനിൽപ്പിന്റെ കഥയാണ് പാനൂരിന് പറയാനുള്ളത്. കടുത്ത തൊഴിൽ ചൂഷണങ്ങൾ നടന്നിരുന്ന കണ്ണൂരിലെ ബീഡി ഫാക്റ്ററികളിൽ തൊഴിൽ സമരങ്ങൾ രൂക്ഷമായ കാലത്താണ് തൊഴിലാളികളെ അടിച്ചമർത്താൻ മാനേജ്‌മെന്റ് മംഗലാപുരത്തുനിന്നും RSS ക്രിമിനലുകളെ വ്യാപകമായി റിക്രൂട്ട് ചെയ്തത്. ഗണേശ്, ഭാരത്, പിവിഎസ്, ദർബാർ തുടങ്ങിയ ബീഡി കമ്പനികളിലെ കങ്കാണിമാരായി തന്നെയായിരുന്നു RSS ന്റെ ഗുണ്ടകൾ പ്രവർത്തിച്ചത്. അവരാണ് പാനൂരിലുൾപ്പെടെ RSS ന്റെ കായികാഭ്യാസ കളരികളായ ശാഖകൾക്ക് പെനിട്രേഷനുണ്ടാക്കിയെടുത്തത്. അവരാണ് തൊഴിലാളി സഖാക്കളെ തെരുവിൽ കായികമായി കൈകാര്യം ചെയ്തിരുന്നത്. ഗണേഷ് ബീഡി കമ്പനിക്കുവേണ്ടി ഗുണ്ടാപ്പണി ചെയ്ത RSS ക്രിമിനലുകളെ പാർടി സധീരം ചെറുത്തുനിന്ന ആ നാളുകളിലാണ് സഖാവ് പികെ കുഞ്ഞനന്തൻ പാർടി അംഗത്വം എടുത്ത് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്.1968ല്‍ ഇഎംഎസ് സർക്കാർ സെന്‍ട്രല്‍ ബീഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്‌സ് ആക്ട് കേരളത്തിൽ നടപ്പിലാക്കിയതോടെയാണ് പല സ്വകാര്യ ബീഡി ഫാക്റ്ററികളിലും തൊഴിൽ ചൂഷണം അവസാനിച്ചത്. പുതിയ സർക്കാർ നയത്തിൽ പ്രതിഷേധിച്ചുകൊണ്ട് പരിവാർ ബന്ധമുള്ള കമ്പനികൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടാനാണ് തീരുമാനിച്ചത്. അസംഖ്യം വരുന്ന ബീഡി തൊഴിലാളികളെ പട്ടിണിക്കിടാൻ സർക്കാർ ഒരുക്കമല്ലായിരുന്നു. അങ്ങനെയാണ് 1969 ൽ കേരള ദിനേശ് ബീഡി സഹകരണ സംഘം ആരംഭിക്കുകയുണ്ടായത്. ആർഎസ്എസ് ആസൂത്രണം ചെയ്ത 1971 ലെ തലശ്ശേരി മുസ്ലിം വിരുദ്ധ കലാപത്തോടെ പിന്നീടങ്ങോട്ട് ആർഎസ്എസുമായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലായിരുന്നു പാനൂരിലെയും തലശ്ശേരിയിലെയും സഖാക്കൾ.അക്കാലത്ത് കണ്ണൂർ സ്പിന്നിങ് മില്ലിലെ തൊഴിലാളിയായിരുന്നു സഖാവ് കുഞ്ഞനന്തൻ. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്ത് പുലർച്ചെക്കുള്ള ട്രെയിനിൽ തലശ്ശേരി വന്നിറങ്ങി പാർടി ഓഫീസിൽ വിശ്രമിച്ചതിനുശേഷം പാനൂരിലേക്ക് പോകുന്നതായിരുന്നു പതിവ്. ഒരിക്കൽ ആർഎസ്എസ് ക്രിമിനലുകൾ സിപിഐഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് ബോംബുവെച്ചുതകർത്തപ്പോൾ സഖാവ് കുഞ്ഞനന്തൻ ഓഫീസിനകത്ത് വിശ്രമിക്കുകയായിരുന്നു. അത്ഭുതകരമായാണ് സഖാവന്ന് രക്ഷപ്പെട്ടത്. തുടർന്നങ്ങോട്ടും പാനൂരിലെയും തലശ്ശേരിയിലെയും സംഘപരിവാറിന്റെ അജണ്ടകളെ ചെറുത്തുത്തുതോൽപ്പിക്കാൻ സഖാവ് മുന്നിൽ തന്നെയുണ്ടായിരുന്നു. പാനൂരിലെയും പൊയിലൂർ, തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ‌് തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും പരിവാർ സംഘത്തിന്റെ കായികമായ ആക്രമണങ്ങളെ നേരിട്ടാണ് സഖാവ് കുഞ്ഞനന്തൻ ഒരു നാടിന്റെ നേതാവായി ഉയർന്നുവന്നത്. തലശ്ശേരി ഏരിയാ കമ്മിറ്റി വിഭജിച്ച് പാനൂർ ഏരിയാ കമ്മിറ്റി നിലവിൽ വന്ന 1980 മുതൽ പാർടി ഏരിയാ കമ്മിറ്റി അംഗമായിരുന്നു സഖാവ്. മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള RSS ന്റെ ഓരോ നീക്കങ്ങളെയും എതിർത്തുതോൽപ്പിക്കാൻ, പരിവാറിന്റെ വിപുലീകരണ ശ്രമങ്ങൾക്ക് കടിഞ്ഞാണിടാൻ അദ്ദേഹം എന്നും മുന്നിൽ നിന്നു. വ്യക്തിപരമായി ഒന്നും സമ്പാദിച്ചില്ല. പാർടിയായിരുന്നു അദ്ദേഹത്തിന് എല്ലാം. പരിവാറിന്റെ കണ്ണിലെ കരടായിരുന്ന അദ്ദേഹത്തിന് ഒടുവിൽ RSS കാരന്റെ കള്ളസാക്ഷിയിലാണ് ശിക്ഷിക്കപ്പെട്ട് ജയിൽവാസമനുഭവിക്കേണ്ടി വന്നത്. സഖാവ് സിഎച് അശോകനെപ്പോലെ ഭരണകൂട-മാധ്യമ ഭീകരതയുടെ ഇരയായിരുന്നു സഖാവ് കുഞ്ഞനന്തനും. സഖാവ് കുഞ്ഞനന്തൻ അടിമുടി പാർടിയായിരുന്നു, പാർടിസാനായിരുന്നു. പാർടിക്കുവേണ്ടി മാത്രം ജീവിച്ച മനുഷ്യൻ. ലാൽസലാം കോമ്രേഡ്.©Jithin Gopalakrishnan

Posted by Sunil P Elayidam speech on Friday, June 12, 2020