വ്യാജ വീഡിയോ വിവാദം; പ്രതി മുസ്ലിം ലീഗുകാരനാണെന്ന പ്രചാരണം പച്ചക്കള്ളം: പി.എം.എ സലാം

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെയുള്ള വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതിക്ക് മുസ്ലിം ലീഗുമായി ബന്ധമുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. പരാജയം മുന്നില്‍ കണ്ട് തിരഞ്ഞെടുപ്പ് ദിനത്തില്‍ നടത്തിയ അറസ്റ്റ് നാടകം ബഹുകേമമാണെന്നും പ്രതി മുസ്ലീം ലീഗുകാരനാണെന്ന പച്ചക്കളവ് പ്രചരിപ്പിക്കുന്നവരെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സി.പി.എം അണിയറയില്‍ തയ്യാറാക്കിയ തിരക്കഥയാണ് ഇന്നത്തെ അറസ്റ്റ്. സി.പി.എമ്മിന് പരാജയ ഭീതിയാണ്. സി.പി.എം കളിക്കുന്നത് മരണക്കളിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജോ ജോസഫിന് എതിരെ വ്യാജ അശ്ലീല വീഡിയോ സമൂഹമാധ്യമത്തില്‍ അപ് ലോഡ് ചെയ്തായാളെ ഇന്ന് രാവിലെ പൊലീസ് പിടികൂടി. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് കൊച്ചി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു.

അബ്ദുള്‍ ലത്തീഫാണ് ട്വിറ്ററില്‍ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ട്വിറ്ററര്‍ അധികൃതര്‍ പെലീസിന് നല്‍കി. സംഭവത്തില്‍ നേരത്തെ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ വീഡിയോ വിവാദം പ്രധാന ചര്‍ച്ചയായിരുന്നു.

ജോ ജോസഫിന് എതിരായ വ്യാജ അശ്ലീല വീഡിയോയുമായി യുഡിഎഫിന് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. വീഡിയോ സിപിഎം നിര്‍മ്മിതിയാണ്. സംഭവത്തില്‍ ഇന്ന് അറസ്റ്റുണ്ടായതും പ്രതിക്ക് യുഡിഎഫ് ബന്ധമെന്ന ആരോപണവും സിപിഎമ്മും പൊലീസും ചേര്‍ന്ന് മെനഞ്ഞ കള്ളക്കഥയാണെന്നും അദ്ദേഹം പറഞ്ഞു.

പോളിംഗ് ദിനമായതിനാല്‍ എല്‍ഡിഎഫ് കള്ളക്കഥ മെനഞ്ഞതാണ്. ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ച ആളെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. എന്തടിസ്ഥാനത്തിലാണ് അറസ്റ്റിലായ ആള്‍ യുഡിഎഫുകാരനാണെന്ന് പൊലീസ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അറസ്റ്റിലായ ലത്തീഫിന് യുഡിഎഫുമായോ ലീഗുമായോ ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.