ഇന്ത്യന്‍ പൗരത്വമില്ലെന്നാരോപിച്ച് കാസര്‍കോട് പൈവളിക സ്വദേശി മുഹമ്മദിനെതിരെ പരാതി നല്കിയ ബിജെപി നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ജില്ല കലക്ടര്‍ കെ ഇമ്പശേഖര്‍. മുഹമ്മദിന്റെ പേര് നിലവിലെ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്താന്‍ തിരഞ്ഞെടുപ്പ് റജിസ്ട്രേഷന് ഓഫിസര്‍ ഉത്തരവിട്ടു.
മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന്റെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം-7 പ്രകാരം ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട നല്കിയ പരാതിക്കു പിന്നാലെയാണ് കലക്ടറുടെ നിര്‍ണായക നടപടി. ഹിയറിങ്ങില്‍ പരാതിക്കാരന് ഹാജരായെങ്കിലും ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും നല്‍കാനായില്ല.
തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരാതി നല്‍കിയതാണെന്ന് കണ്ടെത്തിയതായി ജില്ല കലക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു. പരാതി നല്കിയ വ്യക്തിക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നാണ് കലക്ടര്‍ അറിയിച്ചിരിക്കുന്നത്. ഫോം7 പ്രകാരം എതിര്‍പ്പ് നല്‍കുന്നത് നിയമപരമായ അവകാശമാണെങ്കിലും വ്യാജവിവരങ്ങള്‍ നല്കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
Read more
മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ പൈവളികെ സ്വദേശിയായ മുഹമ്മദിനെതിരെയാണ് പൗരത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉന്നയിക്കപ്പെട്ടത്. മുഹമ്മദിന് ഇന്ത്യൻ പൗരത്വം ഇല്ലെന്നും അതിനാൽ വോട്ടർപട്ടികയിൽനിന്ന് പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയാണ് അധികൃതരെ സമീപിച്ചത്.







