ഫൈസല്‍ ഫരീദിന്‍റെ ചോദ്യംചെയ്യല്‍ യു.എ.ഇയില്‍ തുടരുന്നു; ഡമ്മി ബാഗ് പരീക്ഷണം ഫൈസലിന്റെ ആശയം, കടത്തിയത് 230 കിലോ സ്വർണം

സ്വർണക്കടത്ത് കേസിൽ ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ  ചോദ്യം ചെയ്യുന്നത് തുടരുന്നു. ദുബൈ പൊലീസ് കസ്റ്റഡിയിൽ നിന്നും ഫൈസലിനെ അബുദാബിയിലേക്ക് മാറ്റിയതായാണ് വിവരം. ഫെഡറൽ അന്വേഷണ ഏജൻസി മുഖേനയാണ് ചോദ്യംചെയ്യൽ. സ്വർണക്കടത്തിന് ഡമ്മി ബാഗ് എന്ന ആശയം ഉണ്ടാക്കിയത് ഫൈസൽ ഫരീദാണെന്നാണ് എൻ.ഐ.എ.ക്കു കിട്ടിയ വിവരം. യു.എ.ഇ.യിൽ അറസ്റ്റിലായശേഷം നടന്ന പ്രാഥമിക ചോദ്യംചെയ്യലിൽ ദുബായ് പൊലീസിനോടും ഇക്കാര്യം ഫൈസൽ സമ്മതിച്ചതായാണു സൂചന.

യു.എ.ഇയുടെ ഔദ്യോഗിക മുദ്രകൾ വ്യാജമായി നിർമ്മിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വർണം അയച്ചു, നയതന്ത്ര കാര്യാലയത്തിന്‍റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ ഗുരുതര കുറ്റങ്ങളാണ് ഫൈസൽ ഫരീദിനെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നൽകിയ തെളിവുകൾ യു.എ.ഇ അന്വേഷണ സംഘം കാണുന്നത്. ദുബായി കേന്ദ്രമായാണ് കുറ്റകൃത്യം നടന്നത് എന്നതിനാൽ കൂടുതൽ വിശദമായ ചോദ്യംചെയ്യൽ ആവശ്യമാണെന്ന് കണ്ടാണ് യു.എ.ഇയുടെ നാഷണൽ സെക്യൂരിറ്റി വിഭാഗം ഫൈസൽ ഫരീദിൽ നിന്ന് മൊഴിയെടുക്കുന്നത്.

കഴിഞ്ഞവർഷം ജൂണിലാണ് ഫൈസലും സംഘവും ഡമ്മി ബാഗ് പരീക്ഷണം തുടങ്ങിയത്. നയതന്ത്ര ബാഗേജിനൊപ്പം അയച്ച ഈ ഡമ്മി ബാഗുകൾ പിടിക്കപ്പെടാതായതോടെ സ്വർണം ഒളിപ്പിച്ച് ഇത്തരം ബാഗുകൾ അയക്കാൻ തുടങ്ങി. 20-ലേറെ തവണയായി 230 കിലോ സ്വർണമാണ് ഇത്തരത്തിൽ ഫൈസൽ ദുബായിൽ നിന്ന് കേരളത്തിലേക്കു കടത്തിയത്. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള കടത്തിനു മുമ്പ് കൃത്യമായ മുന്നൊരുക്കം വേണമെന്ന കണക്കുകൂട്ടലിലാണ് ഫൈസൽ ഡമ്മി ബാഗ് പരീക്ഷിച്ചത്. വിമാനത്താവളങ്ങളിലെ സ്കാനറിൽ പിടിക്കപ്പെടാത്ത വിധം യു.എ.ഇ.യുടെ വ്യാജമുദ്രയും സ്റ്റിക്കറും നിർമ്മിച്ച ഫൈസൽ ഇതെല്ലാം ഡമ്മി ബാഗുകളിൽ രേഖപ്പെടുത്തിയിരുന്നു. വ്യാജമുദ്രയുള്ള ഡമ്മി ബാഗ് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിനു പുറത്തെത്തിക്കാൻ കഴിഞ്ഞതോടെ ഫൈസലിനും സംഘത്തിനും ആത്മവിശ്വാസം ഏറുകയായിരുന്നു.

പരീക്ഷണം വിജയിച്ചതോടെ ചെറിയതോതിൽ സ്വർണം ഒളിപ്പിച്ചാണ് സംഘം ആദ്യം കടത്തിയത്. ഓരോ തവണയും വ്യാജമുദ്ര ഉപയോഗിച്ചുള്ള ബാഗേജ് ക്ലിയർ ചെയ്യാൻ കഴിഞ്ഞതോടെ കടത്തലിന്റെ തോതും കൂടി. നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വപ്നയും സംഘവും ഇരുപതിലേറെ തവണ സ്വർണം കടത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സ്വർണക്കടത്ത് കേസിൽ യു.എ.ഇയുടെ അന്വേഷണത്തിനും ഫൈസൽ ഫരീദിന്‍റെ മൊഴി നിർണായകമാണ്. രണ്ട് രാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറ്റ കരാർ നിലനിൽക്കുന്നുണ്ടെങ്കിലും ഫൈസൽ ഫരീദിനെ ഇന്ത്യക്ക് ഉടൻ വിട്ടുകിട്ടുമെന്ന് പറയാനാവില്ല. യു.എ.ഇയുടെ അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമായിരിക്കും കൈമാറ്റം. ഫൈസലിന് പുറമെ കുറ്റകൃത്യത്തിൽ യു.എ.ഇയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.