മാര്‍പാപ്പയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ പരാജയപ്പെട്ടു; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജിവെച്ചു; പകരക്കാരന്‍്് സെബാസ്റ്റ്യൻ വാണിയപ്പുരക്കല്‍

മാര്‍പാപ്പയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുനിന്ന് രാജിവച്ചു. ആരാധനക്രമ തര്‍ക്കത്തില്‍ കര്‍ശന നടപടി എടുക്കാത്തതിനെ തുടര്‍ന്ന് കര്‍ദിനാളിനോട് വത്തിക്കാന്‍ നേരത്തെ വിശദീകരണം തേടിയിരുന്നു.

സഭാ തര്‍ക്കത്തില്‍ നേരിട്ട് ഇടപെടാനാണ് വത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജോര്‍ജ് ആലഞ്ചേരി രാജിവെച്ച ഒഴിവിലേക്ക്  കര്‍ശന നടപടി എടുക്കുന്ന ബിഷപ്പിനെയാണ് നിയോഗിക്കുക. ജോര്‍ജ് ആലഞ്ചേരിക്ക് പകരക്കാരന്‍ ഫാദര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരക്കലിനെയാണ് നിയോഗിച്ചിരിക്കുന്നത്.

എറണാകുളം – അങ്കമാലി അതിരൂപതയില്‍ പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആക്രമിക്കപ്പെട്ടിട്ട് സിറോ മലബാര്‍ സഭ എന്തു ചെയ്‌തെന്ന് വത്തിക്കാന്‍ ചോദിച്ചു. പരമാവധി സമയം നല്‍കിയിട്ടും എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സഭാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് വത്തിക്കാന്‍ വിലയിരുത്തിയിട്ടുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാനയില്‍ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് മാര്‍പാപ്പ വ്യക്തമാക്കുന്നത്. പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ വത്തിക്കാനില്‍ മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദേഹം അന്തിമ തീരുമാനം അറിയിച്ചത്. മാര്‍പാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിന്റെയും നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും വേണ്ടിവന്നാല്‍ നടപടി എടുക്കാനും മാര്‍പാപ്പ സിറില്‍ വാസിലിനോട് ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 4 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും അതിരൂപതയിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെകുറിച്ചും മാര്‍പാപ്പയെ അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ വിഭാഗങ്ങളില്‍ പെട്ടവരുമായി പൊന്തിഫിക്കല്‍ ഡെലഗേറ്റ് ചര്‍ച്ച നടത്തുകയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിക്കും അതിരൂപതയുടെ പ്രതിസന്ധികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആര്‍ച്ച്ബിഷപ് വാസില്‍ നല്‍കിയിട്ടുണ്ട്. ഏകീകൃത കുര്‍ബാനയര്‍പ്പണരീതിയെക്കുറിച്ചുള്ള സീറോമലബാര്‍ സിനഡിന്റെയും മാര്‍പാപ്പയുടെയും തീരുമാനം പൂര്‍ത്തിയാക്കുന്നതിനുവേണ്ടിയുള്ള തന്റെ ദൗത്യം തുടരുമെന്നും പൊന്തിഫിക്കല്‍ ഡെലഗേറ്റ് അറിയിച്ചു.

മാര്‍പാപ്പ തീരുമാനം വ്യക്തമാക്കിയതോടെ സിനഡ് പിതാക്കന്മാരുടെ സംയുക്ത പ്രസ്താവന പുറത്തിറക്കി. പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസിലിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചവര്‍ക്ക് കത്തോലിക്കാ കൂട്ടായ്മയില്‍ തുടരാനാകാത്ത സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്ന് സിനഡ് വ്യക്തമാക്കി. ഏറെ ദുഃഖകരമായ ഈ സാഹചര്യത്തില്‍ നമ്മുടെ കത്തോലിക്കാസഭയുടെ കൂട്ടായ്മ നിങ്ങളിലാരും നഷ്ടപ്പെടുത്തരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനായി സീറോമലബാര്‍സഭയുടെ സിനഡ് തീരുമാനിച്ചതും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം അംഗീകരിച്ചതും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചതുമായ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി ഘട്ടം ഘട്ടമായെങ്കിലും നടപ്പിലാക്കണം.

എറണാകുളം-അങ്കമാലി അതിരൂപതാ അംഗങ്ങളുമായി ചര്‍ച്ച തുടരുവാന്‍ സിനഡ് സന്നദ്ധമാണ്. സംഭാഷണം സുഗമമാക്കാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ (കണ്‍വീനര്‍), ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ സിഎംഐ, മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നുള്ള അഞ്ച് ബിഷപ്പുമാരാണ് ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത്.