അതിരുവിട്ട സൈബര്‍ ആക്രമണം; ഇന്‍സ്റ്റാഗ്രാം താരമായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരത്ത് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടി സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വഴുതയ്ക്കാട് കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ നേരിട്ട സൈബര്‍ ആക്രമണത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യ ശ്രമം.

തിങ്കളാഴ്ച പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധേയയായ പെണ്‍കുട്ടിയ്ക്ക് നിരവധി ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.

നെടുമങ്ങാട് സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായ ആക്രമണം നേരിട്ടത്. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.