'ആറളത്തുണ്ടായത് അസാധാരണ സംഭവം, അടിക്കാട് വെട്ടി വന്യമൃഗങ്ങളെ നിയന്ത്രിക്കും'; മന്ത്രി എകെ ശശീന്ദ്രൻ

ആറളത്തുണ്ടായത് അസാധാരണ സംഭവമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അതുകൊണ്ട് ജനങ്ങളിൽ നിന്ന് അസാധാരണ പ്രതികരണമുണ്ടാകും. ആറളത്ത് സർവകക്ഷി യോഗം വിളിച്ചു ചേർക്കുകയും കർമപരിപാടികൾ തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. അവിടെ നടപ്പാക്കേണ്ട കാര്യങ്ങളിൽ കാല തമസമുണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റുകയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു.

ആറളം ഫാം അർദ്ധ കാടിന്റെ അവസ്ഥയിലാണ്. അടിക്കാടുകൾ വെട്ടി വന്യജീവികളെ നിയന്ത്രിക്കാനുള്ള സാഹചര്യം ഒരുക്കും. ഇതിൽ നിന്ന് ഒളിച്ചോടാൻ ആവില്ല. അതിനനുസരിച്ചുള്ള നടപടികൾ ആണ് സ്വീകരിക്കുന്നത്. സർക്കാരിന്റെ തോട്ടങ്ങളിൽ മാത്രമല്ല സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും വന്യമൃഗങ്ങൾ വരുന്നുണ്ട്. ഇവിടെയൊക്കെ അടിക്കാട് വെട്ടി വന്യമൃഗങ്ങളെ നിയന്ത്രിക്കുമെന്നും എകെ ശശീന്ദ്രൻ അറിയിച്ചു.

വന്യജീവികൾ കാട്ടിൽ നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് വലിയ പ്രശ്നമാണ്. ഇത് സമയമെടുത്ത് പരിഹരിക്കേണ്ട കാര്യമാണ്. നേരത്തേ അങ്ങനെ ഒരു സാഹചര്യമില്ലായിരുന്നു. ഇതൊരു പുതിയ പ്രതിഭാസമാണ്. അതിനനുസരിച്ചു പദ്ധതികൾ ചെയ്യും. പദ്ധതികൾ നടപ്പിലാക്കാൻ പണമനുവദിച്ചിട്ടും കാലതാമസം വരുന്നത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഒന്നും ചെയ്യാൻ കഴിയില്ല എന്ന നിലപാടല്ല, എന്തെങ്കിലും ചെയ്യാൻ കഴിയണം എന്ന നിലപാട് ആണ് സ്വീകരിക്കുന്നത്. മന്ത്രിയുടെ വാക്കുകൾ.

ആറളം ആന മതിൽ ഒന്നാം ഘട്ടം പൂർത്തിയാക്കി ഉദ്യോഗസ്ഥതല കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് നോക്കാം. അടിക്കാടുകൾ വെട്ടുന്ന കാര്യത്തിലുള്ള കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളത്. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത് അടക്കമുള്ള കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. രാവിലെ കണ്ണൂർ കളക്ടറുടെ നേതൃത്വത്തിൽ ഉന്നതതലം യോഗം ചേരും.