പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടല്‍; പ്രതി അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി ആളുകളെ കബളിപ്പിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 44 വയസുകാരനായ ചാത്തന്നൂര്‍ സ്വദേശി സനലിനെയാണ് പൊലീസ് പിടികൂടിയത്.

പോളണ്ടില്‍ ജോലി നല്‍കാമെന്നുപറഞ്ഞ് ചാത്തന്നൂര്‍ ശ്രീരാഗത്തില്‍ കൃഷ്ണരാജുവില്‍ നിന്ന് ഇയാള്‍ പണം തട്ടിയെടുത്തിരുന്നു.

ആറു മാസം മുന്‍പ് 2.12 ലക്ഷം രൂപയാണ് കൃഷ്ണരാജുവില്‍നിന്നും സനല്‍ കൈപ്പറ്റിയത്. പണം വാങ്ങിയതല്ലാതെ സനല്‍ വിസ എത്തിച്ച് നല്‍കിയില്ല. പല തവണ കൃഷ്ണരാജു സനലിനെ സമീപിച്ചു എങ്കിലും വിസയോ പണമോ കിട്ടിയില്ല. തുടര്‍ന്ന് ചാത്തന്നൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

സനല്‍ പിടിയിലായ വിവരം അറിഞ്ഞ് ഇയാളുടെ തട്ടിപ്പിന് ഇരയായ നിരവധി പേര്‍ സ്റ്റേഷനില്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രേഖകളിലില്ലാതെ പണം നല്‍കിയവരും ഉണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയവരെ ലക്ഷ്യം വെച്ചാണ് സനല്‍ തട്ടിപ്പ് നടത്തിയിരുന്നത്.

ചാത്തന്നൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജസ്റ്റിന്‍ ജോണ്‍, എസ്.ഐ. ആശ വി.രേഖ, എ.എസ്.ഐ.മാരായ ബിജു, സുജിത്ത്, ജെയിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.