'ഓരോരുത്തർക്കും ഓരോ ശൈലി, സിപിഐഎമ്മിന്റെ സീറ്റ് കുറവും നായനാർ ശൈലിയും തമ്മിൽ ബന്ധമില്ല'; പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് കെ കെ ശൈലജ

ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലം കേരളത്തിന്‌ മറക്കാനാകാത്തതാണെന്ന് കെ കെ ശൈലജ. നയനാർ എല്ലാ കാലത്തും ഒരു വികാരമാണെന്ന് പറഞ്ഞ കെ കെ ശൈലജ പാർട്ടിക്ക് നേതൃത്വം നൽകിയത് മാത്രമല്ല മൂന്നുതവണ മുഖ്യമന്ത്രിയായി എന്നും കൂട്ടിച്ചേർത്തു. അതേസമയം നായനാരെ പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല എന്നും കെ കെ ശൈലജ പറഞ്ഞു.

നായനാരുടെ കൂടെയുള്ള ഒരു നിമിഷവും ജീവിതാനുഭവങ്ങളായി മാറുകയായിരുന്നു. സങ്കീർണമായ പ്രശ്നങ്ങളെയും നിയമസഭയ്ക്ക് അകത്ത് ഒതുക്കി തീർക്കാനുള്ള വൈഭവം മറ്റാർക്കും കാണാനാകില്ല. നായനാർക്ക് ഭരണപാടവത്തിന്റെ കൂടെ നർമ്മരസം കൂടി ഉണ്ടായിരുന്നു. ഓരോരുത്തർക്കും ഓരോ ശൈലിയാണ്. സിപിഐഎമ്മിന്റെ സീറ്റ് കുറവും നായനാർ ശൈലിയും തമ്മിൽ ബന്ധമില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

ഇ കെ നായനാർ വിടപറഞ്ഞിട്ട് 22 വർഷങ്ങൾക്കിപ്പുറവും മരിക്കാത്ത ഓർമയാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ ഇന്നും പ്രസക്തമാണ്. മെയ് 19നാണ് നായനാർ ദിനം. കേരളത്തിനെ ഇന്ന് കാണുന്ന പോലെ പകപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഇടതുപക്ഷ സർക്കാരുകളിൽ ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം. കേരള ജനതയുടെ ജീവിതം പുതുക്കിപ്പണിത ജനഹൃദ്യങ്ങളിൽ ഇടമുള്ള കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം.

അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലം കേരളത്തിന്‌ മറക്കാനാകാത്തതാണ്. രാജ്യത്ത് ആദ്യമായി കർഷക തൊഴിലാളികൾക്ക് പെൻഷൻ നൽകിയത് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽ ഡി എഫ് സർക്കാരായിരുന്നു. മികച്ച പ്രസംഗികനും എഴുത്തുകാരനുമായ അദ്ദേഹം സി പി ഐ എം രൂപീകരണ കാലം മുതൽ കേന്ദ്രകമ്മിറ്റി അംഗം ആയിരുന്നു. നിരവധി വർഷക്കാലം സിപിഐഎം സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു.

Read more

സ്കൂൾ വിദ്യാർഥിയായിരിക്കെ തുടങ്ങിയതാണ് സഖാവ് നായനാരുടെ രാഷ്ട്രീയ പ്രവർത്തനം. ബാലസംഘത്തിലൂടെയായിരുന്നു അദ്ദേഹം കടന്ന് വന്നത്. കല്യാശേരി ഹയർ എലമെന്ററി സ്കൂളിൽ ദളിത് വിദ്യാർത്ഥി പ്രവേശനത്തിനായി സമരരംഗത്തിറങ്ങി. 1940 ലെ തൊഴിലാളി പണിമുടക്കിലൂടെ ആദ്യമായി ജയിലിൽ പോയി. പിന്നീട് മോറാഴ സമരം, കയ്യൂർ സമരം എന്നിങ്ങനെ കേരള ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത ഏടുകളായ സമരങ്ങളുടെ മുഖ്യപങ്കാളിയായി.