മഹാരാഷ്ട്ര പോലും പിന്നില്‍, ഈ മാസം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കോവിഡ് കേരളത്തില്‍

ഏപ്രില്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍. എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കടന്നു. കേരളത്തില്‍ ഏപ്രില്‍ 1 നും 22 നും ഇടയില്‍ 47,024 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതേ കാലയളവില്‍ ഡല്‍ഹിയില്‍ 22,528 കേസുകളും മഹാരാഷ്ട്രയില്‍ 17,238 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലുമടക്കം പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.

ഇതുവരെ 7,073 പുതിയ കോവിഡ് കേസുകള്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തമിഴ്നാട്ടില്‍ 8,594 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധന ഉണ്ടാവും.

ഏപ്രിലിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 1000ത്തില്‍ താഴെ കേസുകളാണ്. തുടര്‍ന്ന് കേസുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ തുടങ്ങി. ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്ത് 3,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങി. പ്രതിദിനം 2,000ത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.