എല്‍.ഡി.എഫിന്റെ രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുത്തില്ല; കാരണം വിശദമാക്കി കണ്‍വീനര്‍ ഇ.പി ജയരാജന്‍

എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുക്കാത്തത് ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണെന്ന് ഇ.പി ജയരാജന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇപിയുടെ അസാന്നിധ്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് അദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ച് മുന്‍കൂര്‍ അവധി ലഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. അസുഖങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങാന്‍ കഴിയുന്നത്. അലോപ്പതിയും ആയുര്‍വേദവുമൊക്കെ ചേര്‍ന്നുള്ള ചികിത്സയിലാണ് താനെന്നും ഇപി പറഞ്ഞു.

കഴിഞ്ഞ മൂന്ന് ആഴ്ചയോളം ആശുപത്രി ചികിത്സയിലായിരുന്നു. എന്നാല്‍, അതിനിടെയിലും ചില പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കേണ്ടി വന്നു. ഇത് ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കി. തുടര്‍ന്ന് താന്‍ തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്നാണ് രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുക്കാത്തതെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.