മണിച്ചന്റെ മോചനം; സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി, മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. മോചനത്തിനായി 30 ലക്ഷം രൂപ കെട്ടി വെക്കണമെന്ന ഉത്തരവില്‍ ഇളവ് തേടി ഭാര്യ ഉഷ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

മണിച്ചനെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ ഉത്തരവ് നല്‍കിയിട്ടും പിഴ കെട്ടിവെയ്ക്കണമെന്ന നിബന്ധന അതിശയകരമാണെന്നാണ് സുപ്രീംകോടതിയുടെ നീരീക്ഷണം. മണിച്ചന്‍ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ മണിച്ചന് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.

മണിച്ചന്‍ ഇരുപത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. പിഴ തുക കെട്ടിവെച്ചാല്‍ മാത്രമേ മണിച്ചനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. മണിച്ചന്റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി മെയ് 20 ന് നിര്‍ദ്ദേശിച്ചിരുന്നു.

2000 ഒക്ടോബര്‍ 31 നാണ് കേസിന് ആസ്പദമായ സംഭവം. മണിച്ചന്റെ ഗോഡൗണില്‍ നിന്നെത്തിച്ച മദ്യം കഴിച്ച് 30ല്‍ കൂടുതല്‍ ആളുകളാണ് മരിച്ചത്. കേസിലെ ഏഴാം പ്രതിയാണ് മണിച്ചന്‍. മുഖ്യപ്രതികളില്‍ ഒരാളായ ഹൈറുന്നീസ 2009 ല്‍ രോഗബാധിതയായി മരിച്ചു.