ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വാർത്ത; യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെ കേസ്

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വാർത്ത നൽകിയ യൂട്യൂബ് ചാനലിന്റെ ഉടമയ്‌ക്കെതിരെ കേസ്. വെനീസ് ടിവി എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെയാണ് കേസെടുത്തത്. ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിന്റെ ഭാഗമായാണ് വാർത്ത ചാനൽ നൽകിയത്.

ആലപ്പുഴ സൗത്ത് പൊലീസാണ് യുട്യൂബ് ചാനലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

Read more

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച നിരീക്ഷണ സംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങൾക്ക് വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാൻ കഴിയും.