തിരഞ്ഞെടുപ്പ് ഫലം വര്‍ഗീയ കാര്‍ഡ് ഇറക്കിയവര്‍ക്കുള്ള മറുപടി; രാഷ്ട്രീയപാര്‍ട്ടികള്‍ മതത്തില്‍ നിന്ന് അകലം പാലിക്കണം: പോള്‍ തേലക്കാട്‌

വര്‍ഗീയ കാര്‍ഡ് ഇറക്കിയവര്‍ക്കുള്ള മറുപടിയാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്. ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ബിജെപിക്കും വീഴ്ച സംഭവിച്ചു. തൃക്കാക്കരയിലേത് ജനാധിപത്യത്തിന്റെ നല്ല മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തില്‍ നിന്ന് അകലം പാലിക്കണം. വര്‍ഗീയ വാദങ്ങളോട് തൃക്കാക്കരയിലെ ജനങ്ങള്‍ മുഖത്തിരിച്ചതിന്റെ നേര്‍ചിത്രമാണ് തിരഞ്ഞെടുപ്പ് ഫലം. പള്ളികളിലേക്ക് രാഷ്ട്രീയം കയറാന്‍ പാടില്ലായിരുന്നു.അത് സര്‍ക്കാരും പാര്‍ട്ടിയും ശ്രദ്ധിക്കേണ്ടിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുമ്പോള്‍ വിവേകപരമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാകുകയെന്നും ഫാദര്‍ വ്യക്തമാക്കി.

ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോഴും പ്രതികരണവുമായി ഫാദര്‍ രംഗത്തത്തിയിരുന്നു. സ്വന്തം കാര്യം നേടിയെടുക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കുന്ന നേതാക്കള്‍ സീറോ മലബാര്‍ സഭയിലുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഉമ തോമസാണ് വിജയിച്ചത്.

തൃക്കാക്കരയില്‍ ചരിത്ര ഭൂരിപക്ഷവുമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമയിലൂടെ യുഡിഎഫ് തൃക്കാക്കര മണ്ഡലം നിലനിര്‍ത്തിയത്. 2011 ല്‍ ബെന്നി ബെഹനാന്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് ഉമ റെക്കോര്‍ഡ് ഭൂരിപക്ഷം തന്റെ പേരിലാക്കിയത്. 22,406 ആയിരുന്നു ബെന്നിയുടെ ഭൂരിപക്ഷം.