പള്ളികള്‍ ലീഗിന്റെ സ്വത്തല്ല, ലീഗിന് സംഘപരിവാര്‍ ശൈലിയെന്ന് എളമരം കരീം

മുസ്ലിം പള്ളികളെ രാഷ്ട്രീയ വേദിയാക്കരുതെന്ന് എളമരം കരീം എം.പി. പള്ളികള്‍ രാഷ്ട്രീയ വേദിയാക്കുമെന്ന മുസ്ലിം ലീഗ് തീരുമാനം ഹീനവും, പ്രതിഷേധാര്‍ഹവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം പള്ളികള്‍ ലീഗിന്റെ സ്വത്തല്ല. പള്ളികള്‍ ഇസ്ലാംമത വിശ്വാസികളുടേതാണ്. ഇന്ത്യന്‍ ജനതയെ മതപരമായി ഭിന്നിപ്പിച്ച്, ഭൂരിപക്ഷമതത്തില്‍ പെട്ടവരെ വര്‍ഗീയവത്കരിച്ച് ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ അതേ മാതൃകയിലാണ് മുസ്ലിം ലീഗ് നീങ്ങുന്നതെന്ന് എളമരം കരീം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്:

പള്ളികളെ രാഷ്ട്രീയ വേദിയാക്കരുത്

മുസ്ലിം പള്ളികള്‍ രാഷ്ട്രീയ വേദിയാക്കുമെന്ന മുസ്ലിം ലീഗ് തീരുമാനം ഹീനവും, പ്രതിഷേധാര്‍ഹവുമാണ്. ഇത്തരം പരിപാടികള്‍ സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാന്‍ മാത്രമെ ഉപകരിക്കൂ. രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും, സംസ്‌കാരത്തെയും വെല്ലുവിളിക്കുന്നതാണ് മുസ്ലീംലീഗിന്റെ നീക്കം. അയോദ്ധ്യയും, രാമക്ഷേത്രവും മുന്‍നിര്‍ത്തി വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സമാനമാണ് ലീഗിന്റെ ഈ നടപടി. കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിച്ചത്. സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങളും, അവകാശങ്ങളും സംരംക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. ഒരു ബഹുസ്വര സമൂഹത്തില്‍ ജനങ്ങളുടെ ഐക്യം സുദൃഡമാക്കാനുതകുന്ന നയങ്ങളാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മുസ്ലീം ലീഗിന്റെ താല്‍പര്യം മുസ്ലീം ജനവിഭാഗങ്ങളുടെ സംരക്ഷണമല്ല. അധികാരം നഷ്ടപ്പെട്ട നിരാശയില്‍ നിന്ന് ഉയര്‍ന്ന് വരുന്ന പ്രവണതയാണിയത്. കേരളത്തില്‍ ഭരണത്തിലിരുന്ന കാലത്തെ മുസ്ലീം ലീഗ് ചെയ്തികള്‍ ജനങ്ങള്‍ക്ക് നന്നായറിയാം.

മുസ്ലീം പള്ളികള്‍ ലീഗിന്റെ സ്വത്തല്ല. പള്ളികള്‍ ഇസ്ലാംമത വിശ്വാസികളുടേതാണ്. വിശ്വാസികളില്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരുണ്ടാവും. ഓരോ പള്ളിയും അതാത് പള്ളിയുടെ മഹല്ലിലെ അംഗങ്ങളുടെ സ്വത്താണ്. പ്രസ്തുത പള്ളികള്‍ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രാഷ്ട്രീയ പരിപാടിക്ക് ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ലീഗുകാരല്ലാത്ത വിശ്വാസികള്‍ ലീഗിന്റെ നടപടികളെ എതിര്‍ത്താല്‍ പള്ളികള്‍ സംഘര്‍ഷ കേന്ദ്രങ്ങളാവും. അത്തരമൊരു സ്ഥിതി സംജാതമായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുസ്ലീം ലീഗിനായിരിക്കും. മതത്തെ രാഷ്ട്രീയ ആയുധമാക്കുന്ന രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ വേഷം മുസ്ലീം ലീഗ് അണിയുന്നത് അത്യന്തം അപകടകരമാണ്. ഇത് സംഘപരിവാറിന്റെ ശൈലിയാണ്. ഇന്ത്യന്‍ ജനതയെ മതപരമായി ഭിന്നിപ്പിച്ച്, ഭൂരിപക്ഷമതത്തില്‍പ്പെട്ടവരെ വര്‍ഗീയവല്‍ക്കരിച്ച് ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ അതേ മാതൃകയിലാണ് മുസ്ലീം ലീഗ് നീങ്ങുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാനും, ഐ.എസിനെ പോലുള്ള ഭീകര പ്രസ്ഥാനങ്ങളും ലോക ജനതക്ക് ഏല്‍പിച്ച ആഘാതങ്ങള്‍ ആരും വിസ്മരിക്കരുത്. ആരാധനാലയങ്ങളെ സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിനുപയോഗിക്കുന്ന മുസ്ലീം ലീഗ് നിലപാടില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. മതനിരപേക്ഷതക്ക് ക്ഷതമേല്‍ക്കുന്ന എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തണം. ഇസ്ലാം മത വിശ്വാസികളുടെ സംഘടനകള്‍ മുസ്ലീം ലീഗിന്റെ തരംതാണ രാഷ്ട്രീയകളിയില്‍ വീഴരുത്. കേരളത്തിന്റെ മഹത്തായ പാരമ്പര്യം തകര്‍ക്കുന്ന എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്താന്‍ രാജ്യ സ്‌നേഹികളായ വിശ്വാസി സമൂഹം മുന്നോട്ട് വരണം.