കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

ഹൈസ്‌കൂള്‍ തലം വരെയുള്ള അധ്യാപകര്‍ക്കുള്ള നിയമന യോഗ്യതയായ കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്. 2025 സെപ്തംബര്‍ 1 ന് മുന്‍പ് പ്രൊമോഷന്‍, ബൈട്രാന്‍സ്ഫര്‍ നിയമനത്തിന് അര്‍ഹതയുള്ള അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധനയോടെയാണ് അധ്യാപകര്‍ക്ക് ഇളവ് ലഭിക്കുക.

2025 സെപ്തംബര്‍ 1 മുതലായിരിക്കും രണ്ട് വര്‍ഷ കാലയളവ് കണക്കാക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ലാബ് അസിസ്റ്റന്റ്, അനധ്യാപക തസ്തികകളിലെ അര്‍ഹരായവര്‍ക്കും അധ്യാപക തസ്തകയിലേക്കുള്ള സ്ഥാനക്കയറ്റത്തിനും ഇതേ മാനദണ്ഡമായിരിക്കും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും ഈ ഇളവുകളും നടപ്പാക്കുക. ഒരാള്‍ക്ക് പോലും ജോലി നഷ്ടമാകരുതെന്നാണ് സര്‍ക്കാര്‍ നയം എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കെ ടെറ്റ് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ അധ്യാപകര്‍ക്ക് ചില ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെയും നല്‍കിയിരുന്നു. കെ ടെറ്റ് പാസാകാന്‍ രണ്ട് വര്‍ഷത്തെ സാവകാശം ഉറപ്പിക്കുമെന്നതടക്കം ആ വ്യവസ്ഥയില്‍ 2025 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് നിയമനം ലഭിച്ച നെറ്റ്, സെറ്റ്, എംഫില്‍, പിഎച്ച് ഡി യോഗ്യതയുള്ളവര്‍ക്കും നിയമന അംഗീകാരം നല്‍കും. കെ ടെറ്റ് പാസാക്കാത്തവര്‍ക്ക് ശമ്പളം നിഷേധിക്കില്ല. കെ ടെറ്റില്‍ അന്തിമ തീരുമാനം സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.